
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ പുതിയൊരു ചുവടുവെയ്പ്പായി സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് ഇന്റർഗ്രേറ്റഡ് കാരവൻ പാർക്ക് പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ സജ്ജമായി. മലമ്പുഴ അണക്കെട്ടിന് സമീപം മാന്തുരുത്തിയിൽ ആണ് കാരവൻ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച പാർക്ക് പ്രവർത്തിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടെ കാരവൻ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനൊപ്പം കാരവൻ ടൂറിസത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മലമ്പുഴ ഡാമിന്റെ ഭംഗി മികച്ച രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്ന കവ ഗ്രാമത്തിൽ 12.5 ഏക്കർ സ്ഥലത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
2021ൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികളുടെ താൽപ്പര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കാരവൻ ടൂറിസം നയത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. പകൽ സമയങ്ങളിൽ കാഴ്ചകൾ കണ്ടുള്ള യാത്രയും രാത്രി കാരവൻ പാർക്കിലെ വിശ്രമവും എന്നതായിരുന്നു പദ്ധതി. കാരവൻ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നതിനും ദീർഘനേരം ചെലവഴിക്കുന്നതിനുമായി നിർമിക്കുന്ന ഈ പാർക്കുകൾ, സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തി വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകും.
വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വിശാലമായ ഭൂമി,വൈദ്യുതി വിതരണ സൗകര്യം,സുരക്ഷാ ജീവനക്കാരുടെ സേവനം,ലഘുഭക്ഷണശാല, ശൗചാലയം, 24-മണിക്കൂർ പ്രവർത്തിക്കുന്ന കോഫി ഷോപ്പ്, ഇന്റർനെറ്റ് സൗകര്യം ,കാറുകൾക്കും സ്കൂട്ടറുകൾക്കും ഇലക്ട്രിക് ചാർജിങ് പോയിന്റുകൾ തുടങ്ങിയ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് കാരവൻ പാർക്ക് നിർമ്മിക്കേണ്ടത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സംസ്ഥാനത്ത് കാരവാൻ ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മലമ്പുഴയിലെ കവ ഇക്കോ ക്യാമ്പർ ആൻഡ് കാരവൻ പാർക്ക് ആരംഭിച്ചത്. നിലവിൽ ആറ് കാരവനുകൾക്കും ആറ് ക്യാമ്പർ വാനുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 10 ആധുനിക മുറികളും ഈ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ കൊച്ചി ബോൾഗാട്ടി പാലസ്, പൊന്മുടി എന്നിവിടങ്ങളിലും കാരവൻ പാർക്കുകൾ തുറക്കാൻ ടൂറിസം വകുപ്പ് പദ്ധതിയിടുന്നു. കാരവൻ ഓപ്പറേറ്റർമാരുമായി ചേർന്നായിരിക്കും ഈ പാർക്കുകൾ പ്രവർത്തിക്കുക.
പരിസ്ഥിതി സൗഹൃദ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ വിനോദസഞ്ചാരം ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും. ആദ്യ ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് കാരവൻ പാർക്കിന്റെ തുടക്കത്തോടെ, കേരളം ഇനി കൂടുതൽ കാര്യക്ഷമമായ കാരവൻ ടൂറിസം ഹബ്ബായി മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-27 18:02:50
ലേഖനം നമ്പർ: 1707