
കേരളത്തിന്റെ ഭൂഭരണ നടപടികളിൽ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കൃത്യതയോടെയും ശാസ്ത്രീയമായും ഭൂമി അളക്കുന്നതിനും ഭൂമിസംബന്ധമായ സർവെ - ഭൂരേഖ പരിപാലനം നടത്തുന്നതിനുമായി നടപ്പാക്കിയ ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടം ആരംഭിച്ചു. സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. എല്ലാവർക്കും ഭൂമി ഉണ്ടാവണമെന്നും അവയ്ക്ക് കൃത്യമായ രേഖകൾ ഉണ്ടാകണമെന്നുമുള്ള സർക്കാരിന്റെ ലക്ഷ്യത്തിലൂന്നിയാണ് ഡിജിറ്റൽ റീസർവേ നടപ്പിലാക്കുന്നത്.
സംസ്ഥാനത്തുടനീളം ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഡിജിറ്റൽ റീസർവെയുടെ രണ്ടു ഘട്ടങ്ങളിലായി ഇതുവരെ 6.02 ലക്ഷം ഹെക്ടർ ഭൂമിയലധികം അളന്നു. ഡിജിറ്റൽ റീ സർവെയുടെ ഒന്നാംഘട്ടത്തിൽ സർവെ ആരംഭിച്ച 200 വില്ലേജുകളിലെയും രണ്ടാം ഘട്ടത്തിൽ സർവെ ആരംഭിച്ച 203 വില്ലേജുകളിലെ 47 വില്ലേജുകളിലെയും സർവെ പൂർത്തീകരിച്ച് സർവെ അതിരടയാള നിയമത്തിലെ 9 (2) പ്രഖ്യാപനം പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായി 44.73 ലക്ഷം ലാൻഡ് പാർസലുകളാണ് അളവ് പൂർത്തിയാക്കിയത്. മൂന്നാംഘട്ടത്തിൽ 200 വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ നടപ്പാക്കുന്നത്.
കേരളം പൂർണമായും ഡിജിറ്റലായി സർവെ ചെയ്ത് റെക്കാർഡുകൾ തയ്യാറാക്കുന്ന പദ്ധതി എല്ലാ ജില്ലകളിലും 2022 നവംബർ 1ന് ആണ് തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം-22, കൊല്ലം-12, പത്തനംതിട്ട-12 കോട്ടയം-9, ആലപ്പുഴ-8, ഇടുക്കി-13, എറണാകുളം-13, ത്യശൂർ-23, പാലക്കാട്-14, മലപ്പുറം-18, കോഴിക്കോട്-16, വയനാട്-8, കണ്ണൂർ-14, കാസർഗോഡ്-18 എന്നിങ്ങനെ 200 വില്ലേജുകളിലാണ് വിജയകരമായി പൂർത്തിയാക്കി.
ഭൂമി സംബന്ധമായ രേഖകൾ സുതാര്യവും കൃത്യവുമാക്കുന്നതിൽ വിപ്ലവകരമായ നേട്ടങ്ങളാണ് ഡിജിറ്റൽ സർവേയിലൂടെ കൈവരിക്കാനായത്. സർവേ നടത്തി സ്ഥാപിച്ച കല്ലുകളും കുറ്റികളും പിഴുതുമാറ്റിയാലും ഡിജിറ്റൽ സർവേയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡിജിറ്റൽ വേലികൾ എക്കാലവും നിലനിൽക്കും. കൈയേറ്റ ഭൂമികൾ ഉൾപ്പെടെ കണ്ടെത്തി അത് ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള ശ്രമങ്ങളാണ് റീസർവേയിലൂടെ സർക്കാർ നടത്തുന്നത്. സർക്കാർ ഭൂമി കൈയേറികൈവശം വച്ചിരിക്കുന്നവരിൽ നിന്ന് അത് തിരിച്ചുപിടിക്കാനും കുടിയേറ്റക്കാർക്ക് അവർ താമസിക്കുന്ന ഭൂമി പതിച്ച് നൽകാനുമുള്ള സർക്കാർ ശ്രമങ്ങൾക്ക് സഹായകരമാകുന്ന നടപടിയാണ് ഡിജിറ്റൽ റീസർവേ.ആന്ധ്രാപ്രദേശ് സർക്കാരും സംസ്ഥാനത്തിന്റെ സഹായത്തോടെ രാജ്യത്തിന് മാതൃകയാകുന്ന ഡിജിറ്റൽ റീസർവേ നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഡിജിറ്റൽ റീ-സർവെയുടെ മൂന്നാംഘട്ടം ഭൂമി സംബന്ധമായ രേഖകൾ കൂടുതൽ സുതാര്യവും കൃത്യവുമാക്കുന്നതിന് ശക്തമായ അടിത്തറയാകും. കേരളം രാജ്യത്ത് സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനത്തിലേക്ക് കടക്കുമ്പോൾ, ഭൂമിയുടെ നിയമാനുസൃത കൈവശം ഉറപ്പാക്കുന്നതിനും ഭൂരഹിതർക്കുള്ള നീതി ഉറപ്പുവരുത്തുന്നതിനും വലിയ മാതൃകയാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-25 14:57:10
ലേഖനം നമ്പർ: 1668