
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മുന്നേറ്റത്തിലെ ബൃഹദ് പദ്ധതികളിൽ ഒന്നായ മലയോര ഹൈവേയുടെ ആദ്യ റീച്ച് പൂർത്തിയായി.സംസ്ഥാനത്തെ മലയോര മേഖലയുടെ സമഗ്രവികസനത്തിന് നാഴികക്കല്ലായി മാറുന്ന തരത്തിൽ കോഴിക്കോട് ജില്ലയിലുള്ള കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള 34 കിലോമീറ്റർ ദൈർഘ്യമുള്ള റീച്ചിന്റെ നിർമാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന തരത്തിൽ നിർണായകമായ വികസനമാണ് റോഡ് ഗതാഗത മേഖലയിൽ കഴിഞ്ഞ 8 വർഷത്തിനിടയിൽ സർക്കാർ നടപ്പിലാക്കിയത്. ദേശീയ പാതയും മറ്റു സംസ്ഥാന പാതകളും എത്താത്ത മേഖലകളിലെ റോഡുകളുടെ വികസനം ഉറപ്പാക്കി കേരളത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് മലയോര ഹൈവേ.
കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടം, ഉറുമി വെള്ളച്ചാട്ടം, ആനക്കല്ലംപാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ എന്നിവയുടെ സമീപത്തു കൂടി കടന്നു പോകുന്ന മലയോര ഹൈവേ വിനോദ സഞ്ചാര മേഖലയുടെ വൻ കുതിച്ചു ചാട്ടത്തിനും കാർഷിക വാണിജ്യ വ്യാവസായിക മേഖലയുടെ പുരോഗതിക്കും ഊർജ്ജം പകരും. പാതയുടെ ഇരുവശത്തും ഓടകളും ഭൂർഗർഭ കേബിളുകളും പൈപ്പുകളും കടന്നു പോകുന്നതിനുള്ള സംവിധാനങ്ങളും സൗരോർജ്ജ വിളക്കുകളും സിഗ്നൽ ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. പ്രധാന ജംങ്ഷനുകളിൽ കോൺക്രീറ്റ് കട്ടകൾ പാകിയ നടപ്പാതകൾ, ബസ് സ്റ്റോപ്പുകൾ, കൈവരികൾ എന്നിവയും കൂമ്പാറയിലും കൂടരഞ്ഞി വീട്ടിപ്പാറയിലും രണ്ട് പാലങ്ങളും റീച്ചിൽ ഉൾപ്പെടുന്നു. കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡ് ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാതയിലേക്ക് എത്തുന്ന തിരുവമ്പാടി- മറിപ്പുഴ റോഡുമായും ചേരും.
ദേശീയപാത 66, തീരദേശപാത എന്നീ പദ്ധതികൾ പോലെ പ്രാധാന്യമർഹിക്കുന്ന മലയോര ഹൈവേ ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെ കടന്നുപോകുന്നു. കാസർഗോഡ് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ നീളുന്ന മലയോര ഹൈവേ കേരളത്തിന്റെ മലയോര മേഖലയുടെ വികസനത്തിൽ നിർണ്ണായകമായ പദ്ധതിയാണ്.ആ പ്രദേശങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുവാനും ടൂറിസം, കാർഷിക, വ്യാവസായിക മേഖലകളെ പരിപോഷിപ്പിക്കാനും സഹായകമാകുന്ന ഈ പദ്ധതി ആ പ്രദേശങ്ങളിലെ ജനജീവിതത്തെ ഏറെ മെച്ചപ്പെടുത്തും.
കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയായ എസ്എച്ച് 59 ആണ് മലയോര ഹൈവേയായി നാമകരണം ചെയ്തത്. 1,166.27 കിലോമീറ്ററിൽ 793.68 കിലോമീറ്റർ റോഡിന് 3593 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഫ്ബി നൽകിയിരിക്കുന്നത്. ഇതിൽ 506.73 കിലോമീറ്റർ സാങ്കേതികാനുമതി നൽകി, ടെൻഡർ ചെയ്യുകയും അതിൽ 481.13 കിലോമീറ്റർ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഇതുവരെ 1288 കോടി രൂപ ചെലവിട്ട് 166.08 കി. മി. നിർമാണം ഇതുവരെ പൂർത്തിയാക്കി. 54 റീച്ചുകളിലായി നിർമാണം നടക്കുന്ന മലയോര ഹൈവേ 12 മീറ്റർ വീതിയിലാണ് ബിഎംബിസി നിലവാരത്തിലാണ് നിർമിക്കുന്നത്. മെച്ചപ്പെട്ട റോഡ് പ്രതലവും മാർക്കിങ്ങുകളും അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളും ഒരുക്കി നിർമിക്കുന്ന മലയോര ഹൈവേ കൂടുതൽ കാലം നിലനിൽക്കുന്ന ഫുൾ ഡെപ്ത് റെക്ലമേഷൻ(എഫ്ഡിആർ) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളോടെയാണ് നിർമിക്കുന്നത്.
മലയോര ഹൈവേ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായകമായ ഒരു നേട്ടമാണ്. ഗതാഗത സൗകര്യങ്ങളുടെ വികസനത്തോടൊപ്പം വിനോദ സഞ്ചാരം, കാർഷികം, വ്യവസായം എന്നീ മേഖലകളിലും പുതിയ സാധ്യതകൾ സൃഷ്ടിക്കുന്ന ഈ പദ്ധതി, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉജ്ജീവിപ്പിച്ച് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും. റീച്ചുകളായി പൂർത്തിയാകുമ്പോൾ മലയോര മേഖലയിലെ സമഗ്ര പുരോഗതിക്ക് ശക്തമായ അടിത്തറയാകുന്ന മലയോര ഹൈവേ, ഭൗമശാസ്ത്രപരവും സാമൂഹ്യ-ആഭ്യന്തരവുമായ വളർച്ചയ്ക്ക് പുതിയ ദിശ നൽകും. കേരളത്തിന്റെ ദീർഘകാല വികസന ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഈ പദ്ധതി, സംസ്ഥാനത്തിന്റെ സമഗ്ര മുന്നേറ്റത്തിന്റെ ഭാഗമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-15 12:13:21
ലേഖനം നമ്പർ: 1667