കേരളത്തിൽ മില്ലറ്റ് കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി 2017-2020 വർഷങ്ങളിൽ നടപ്പാക്കിയ മില്ലറ്റ് വില്ലേജ് പദ്ധതി പ്രവർത്തനങ്ങൾക്ക്  2023 ലെ  ബെസ്റ്റ് മില്ലറ്റ് പ്രമോഷന്‍ സ്റ്റേറ്റ് അവാര്‍ഡ് . ആദിവാസി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലുമായി ആരംഭിച്ച ചെറുധാന്യ കാർഷിക പദ്ധതിയാണ് മില്ലറ്റ് ഗ്രാമം പദ്ധതി. ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത കൃഷിരീതി വീണ്ടെടുക്കുക,അട്ടപ്പാടി ജനതയുടെ തനത് ഭക്ഷണമായ മില്ലറ്റ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മില്ലറ്റ് വില്ലേജ് പദ്ധതി ആരംഭിച്ചത് .  പ്രാരംഭഘട്ടത്തില്‍ 40 ഊരുകളില്‍ ആരംഭിച്ച പദ്ധതി നിലവില്‍ 97 ഊരുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ഒരു സീസണില്‍ ശരാശരി 250 ടണ്ണോളം മില്ലറ്റ്‌സ് ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ 40 ടണ്ണോളം പയര്‍വര്‍ഗങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷം രണ്ട് സീസണുകളിലായി ഈ 2500 എക്കറില്‍ കൂടുതലും റാഗിയും ചാമയുമാണ് കൃഷി ചെയ്യുന്നത്. പുറമെ കുതിരവാലി, കമ്പ്, മണിച്ചോളം എന്നിവയും കൃഷി ചെയ്തുവരുന്നു. 741.97 ഹെക്ടര്‍ കൃഷിഭൂമിക്ക് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ പദവി,ഒരു ഉത്പന്നത്തിന്റെ ഗുണമേന്മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അത്തരത്തില്‍  ഉത്പന്നത്തെ തിരിച്ചറിയാന്‍ വേണ്ടിയുള്ള ഭൗമസൂചിക പദവി എന്നിവ മില്ലറ്റ് വില്ലേജ് പദ്ധതി  കൈവരിച്ച മറ്റു  പ്രധാന നേട്ടങ്ങൾ ആണ്. 

2020 ലെ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.99 കോടി രൂപ ചെലവിലാണ് മില്ലറ്റ് വില്ലേജ് പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മില്ലറ്റ് കൃഷിക്കായി കര്‍ഷകര്‍ക്ക് ഹെക്ടറിന് 12,000 രൂപ എന്ന നിരക്കില്‍ സബ്‌സിഡി നല്‍കുന്നുണ്ട്. അട്ടപ്പാടി ട്രൈബല്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ ഫോര്‍ മില്ലറ്റ്‌സ് (എ.ടി.എഫ്.എ.എം) മുഖേന മൂല്യ വര്‍ധിത മില്ലറ്റ്  ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇതിലൂടെ അട്ടപ്പാടിയിലെ കര്‍ഷകര്‍ക്ക് നേരിട്ട് ലാഭം  ലഭിക്കുന്നു. ഈ വര്‍ഷം ഇതുവരെ ഏഴര ലക്ഷം രൂപ വിറ്റുവരവ് ലഭിച്ചിട്ടുണ്ട്.

റാഗി പുട്ടുപൊടി, റാഗി ദോശ മിക്‌സ്, ചാമ ഉപ്പുമാവ് മിക്‌സ്, പനിവരഗ് അരി, കമ്പ് ദോശ മിക്‌സ്, മണിച്ചോളം മാവ് തുടങ്ങിയ 36 ഉല്‍പ്പന്നങ്ങളാണ് വിപണനം ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് തപാല്‍ മാര്‍ഗ്ഗവും അയക്കുന്നുണ്ട്. 9645298860 എന്ന നമ്പറിലും 9072017833 ലും ബന്ധപ്പെട്ട് ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. വിത്തുകള്‍ക്കായി സീഡ് ബാങ്കുകളും ലഭ്യമാണ്. ചെറുധാന്യ വിത്തുകള്‍ക്കായി 8593962746, 8157050629 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പരമ്പരാഗത വിത്തുകളുടെ സുഗമമായ ലഭ്യതക്കും വിതരണത്തിനുമായി അട്ടപ്പാടിയില്‍ രൂപീകരിച്ചിട്ടുളള 15 സീഡ് ബാങ്കുകള്‍ മുഖേന സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് ചെറുധാന്യ വിത്തുകള്‍ വിതരണം ചെയ്ത് വരുന്നുണ്ട്. വിത്തുകള്‍ക്കായി 8593962746 ലും 8157050629 ലും ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-09 17:05:16

ലേഖനം നമ്പർ: 1260

sitelisthead