സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ(NIPMR) ഒക്യുപേഷണൽ ബിരുദ പ്രോഗാമിന് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പി അസോസിയേഷന്റെ അക്രെഡിറ്റേഷൻ. ഇതാദ്യമായാണ് കേരളത്തിലെ ഒരു സ്ഥാപനം നടത്തുന്ന ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി കോഴ്‌സിന് AIOTA അംഗീകാരം ലഭിക്കുന്നത്. ഒക്യുപേഷണൽ തെറാപ്പി മേഖലയിൽ പ്രവർത്തിക്കുന്ന പ്രോഫഷണലുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഒക്യുപേഷണൽ തെറാപ്പി വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് AIOTA.  AIOTA അംഗീകാരം ഉള്ള സ്ഥാപനങ്ങൾക്ക് വേൾഡ് ഫെഡറേഷൻ ഓഫ് ഒക്യൂപേഷണൽ തെറാപ്പിസ്റ്റ് (WFTO) അംഗീകാരവും ലഭിക്കും. 

AIOTA/ WFTO അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ബിരുദമെടുക്കുന്നവർക്ക് മാത്രമേ അന്താരാഷ്ട്ര തലത്തിൽ പ്രാക്ടീസ് ചെയ്യാൻ കഴിയൂവെന്നതിനാൽ വിദ്യാർത്ഥികൾക്ക് ദേശീയ, അന്തർദേശീയ തലത്തിൽ പ്ലെയ്‌സ്‌മെന്റ് ലഭിക്കാൻ ഈ അംഗീകാരം കൂടുതൽ സഹായകമാകും. കൂടാതെ ദേശീയ തലത്തിലും അന്താരാഷ്ട്രതലത്തിലും ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കുന്നതിനും AIOTA/ WFTO അക്രെഡിറ്റേഷനുള്ള സ്ഥാപനത്തിൽ പഠനം പൂർത്തീകരിക്കേണ്ടതുണ്ട്.

ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന വ്യക്തികൾക്ക് ആവശ്യമായ പിന്തുണ നൽകി ദൈനം ദിന പ്രവർത്തനങ്ങൾ സ്വന്തമായി ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്ന പുനരധിവാസ ചികിത്സാ വിഭാഗമാണ് ഒക്യുപേഷണൽ തെറാപ്പി. ഇന്ദ്രിയ സംയോജന പ്രശ്‌നങ്ങൾ (Sensory Integration Issues), സൂക്ഷ്മ ചലനങ്ങൾ, അനുയോജ്യവും ഫലപ്രദവുമായ ഉപകരണങ്ങൾ (Ergonomic Design) വികസിപ്പിക്കൽ, രൂപമാറ്റം വരുത്തൽ എന്നിവ ഒക്യുപേഷണൽ തെറാപ്പിയുടെ ഭാ​ഗമാണ്. നാലര വർഷം ദൈർഘ്യമുള്ള കോഴ്‌സ് കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് നടത്തുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-09 15:33:21

ലേഖനം നമ്പർ: 1258

sitelisthead