ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ് പട്ടികയിൽ കേരളം ഒന്നാമത്. കേന്ദ്ര വാണിജ്യമന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ ദേശീയറാങ്കിങ്ങിലാണ് കേരളം ‘ബെസ്റ്റ് പെർഫോർമർ’ പുരസ്കാരം സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ആദ്യമായാണ് ഏറ്റവും ഉയർന്ന സ്ഥാനമായ ‘ബെസ്റ്റ് പെർഫോർമർ’ സ്വന്തമാക്കുന്നത്. ഗുജറാത്ത്, കർണാടക എന്നിവയാണ് ‘ബെസ്റ്റ് പെർഫോമർ’ പട്ടികയിലുള്ള മറ്റു സംസ്ഥാനങ്ങൾ. തമിഴ്‌നാട്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന എന്നിവ തൊട്ടടുത്തുള്ള ‘ടോപ് പെർഫോമർ’ നിരയിൽ ഇടംപിടിച്ചു.
സ്റ്റാർട്ടപ്പുകൾ, വിദ്യാർഥികൾ, വനിതാസംരംഭകർ എന്നിവർക്ക് നൽകിവരുന്ന പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന ‘ഇഗ്നൈറ്റ് കാലിക്കറ്റ്’ പോലുള്ള പരിപാടികൾ, ഗ്രാമീണമേഖലകളിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനം എന്നിവയാണ് പുരസ്കാരം നേടാൻ കേരളത്തെ സഹായിച്ചത്. 2022-ൽ കേന്ദ്രം നിർദേശിച്ച ഏഴ് പരിഷ്കരണമേഖലകളിലും കേരളം ഒന്നാമതെത്തി.
ഏതാണ്ട് 5000 സ്റ്റാർട്ടപ്പുകളാണ് കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെ.എസ്.യു.എം.) രജിസ്റ്റർചെയ്തിട്ടുള്ളത്. 14 ജില്ലകളിലുമായി അമ്പതിലധികം ഇൻക്യുബേറ്ററുകളും സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നു. ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സൗകര്യവും സൂപ്പർ ഫാബ്‌ലാബും സാമ്പത്തിക പിന്തുണയുമടക്കം കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സംസ്ഥാന സർക്കാർ വ്യവസായ മേഖലയിൽ നടത്തിയ മാറ്റങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-17 12:32:20
ലേഖനം നമ്പർ: 1272