നൂതന ആശയങ്ങൾ ഫലപ്രദമായി നടപ്പാക്കുന്ന പ്രവർത്തനമികവിൽ 4 ലോക റെക്കോർഡുകൾ നേടി കുടുംബശ്രീ. തൃശൂർ ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാതിരുവാതിര, അട്ടപ്പാടിയിലെ ആദിവാസി വിദ്യാർത്ഥികൾ തയ്യാറാക്കിയ 720 അടി നീളമുള്ള ചിത്രം, ദേശീയ സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ചവിട്ടു നാടകം എന്നിവയ്ക്ക് ടാലന്റ് വേൾഡ് റെക്കോർഡ്, ദേശീയ സരസ് മേളയോടനുബന്ധിച്ച് പട്ടികവർഗ വിഭാഗത്തിൽ പെട്ട വനിതകൾ ചേർന്ന് ചെറുധാന്യങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ വൈവിധ്യാർന്ന ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയതിനുള്ള ബെസ്റ്റ് ഇൻഡ്യാ ലോക റെക്കോർഡ് എന്നീ അംഗീകാരങ്ങളാണ് കുടുംബശ്രീ 2023 ൽ നേടിയത്.
2023 ആഗസ്റ്റ് 30ന് തൃശ്ശൂർ കുട്ടനല്ലൂർ ഗവൺമെൻറ് കോളേജ് മൈതാനത്ത് 7770 വനിതകൾ അണിനിരന്ന തിരുവാതിരക്കളി ലോക റെക്കോർഡ് നേടി. ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ആയിരുന്നു മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത തിരുവാതിരക്കളി എന്ന ടാലന്റ് വേൾഡ് റെക്കോർഡ് ആണ് കുടുംബശ്രീ നേടിയത്.
504 അയൽക്കൂട്ട വനിതകളെ അണി നിരത്തി കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ സംഘടിപ്പിച്ച മെഗാ ചവിട്ട് നാടകം ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്ത ചവിട്ടുനാടകം എന്ന വേൾഡ് ടാലൻ്റ് റെക്കോഡ് നേടി .കൊച്ചിയിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചരണത്തിൻ്റെ ഭാഗമായാണ് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ചവിട്ടു നാടകം അവതരിപ്പിച്ചത്. കുടുംബശ്രീയുടെ കാൽ നൂറ്റാണ്ടിൻ്റെ ചരിത്രം പ്രമേയമാക്കിയ ചവിട്ടുനാടകത്തിൽ ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അയൽക്കൂട്ട അംഗങ്ങളാണ് പങ്കെടുത്തത്.
തദ്ദേശീയ വിദ്യാർത്ഥികൾ വരച്ച ചിത്രത്തിലൂടെ ടാലൻ്റ് ലോക റെക്കോഡ് കുടുംബശ്രീ നേടി. തദ്ദേശീയരായ വിദ്യാർത്ഥികൾ തയാറാക്കിയ ഏറ്റവും വലിയ ക്യാൻവാസ് ചിത്രം എന്ന ലോക റെക്കോർഡ് അട്ടപ്പാടി ബ്ലോക്കിലെ ട്രൈബൽ വിദ്യാർത്ഥികൾ വരച്ച ചിത്രത്തിനാണ് ലഭ്യമായത് . 186 വിദ്യാർത്ഥികൾ ചേർന്ന് 720 അടി നീളത്തിലുള്ള ക്യാൻവാസിലാണ് രണ്ടേകാൽ മണിക്കൂർ കൊണ്ട് ചിത്രം വരച്ചത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലൻ്റ് റെക്കോർഡ് ബുക്കിൻ്റെ ലോക റെക്കോഡാണ് ലഭിച്ചത്. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിനൊപ്പം ചേർന്ന് കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് ഈ പ്രവർത്തനം ഏറ്റെടുത്തു നടത്തിയത്.
ആരോഗ്യപ്രദമായ ചെറുധാന്യങ്ങൾ (മില്ലറ്റുകൾ) ഉപയോഗിച്ച് പായസം മുതൽ ബിരിയാണി വരെ 501 വിഭവങ്ങൾ ഒരുക്കി ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് നേട്ടവും കുടുംബശ്രീ കൈവരിച്ചു. ഒരു വേദിയിൽ ഏറ്റവും കൂടുതൽ മില്ലറ്റ് വിഭവങ്ങൾ തയാറാക്കിയതിനുള്ള റെക്കോർഡ് നേട്ടമാണ് കുടുംബശ്രീ കൈവരിച്ചത്. അട്ടപ്പാടിയിൽ എഫ്.എൻ.എച്ച്.ഡബ്ല്യു പ്രോഗ്രാം നടക്കുന്ന അയൽക്കൂട്ടങ്ങളിൽ നിന്നുള്ള 80 അംഗങ്ങളാണ് വിഭവങ്ങൾ ഒരുക്കിയത്. റാഗി, ചാമ, കമ്പ്, വരഗ്, തിന,കുതിരവാലി, മണിച്ചോളം തുടങ്ങിയ നിരവധി ചെറുധാന്യങ്ങളുപയോഗിച്ച് ചെറുകടികൾ, മധുര പലഹാരങ്ങൾ, സാലഡ്, ബിരിയാണി, കുക്കീസ്, ശീതള പാനീയങ്ങൾ, ഷേക്ക്, പ്രഭാത ഭക്ഷണ വിഭവങ്ങൾ, ന്യൂഡിൽസ്, സാൻവിച്ച്, ബർഗർ തുടങ്ങിയ ഭക്ഷണ വിഭവങ്ങൾ അണിനിരത്തിയ പ്രദർശനം നിത്യവും മില്ലറ്റുകൾ എങ്ങനെ ഭക്ഷണമായി ഉപയോഗിക്കാം എന്ന അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുന്നതായിരുന്നു ലോക റെക്കോർഡ് പ്രദർശനം. കട്‌ലറ്റ്, കുക്കീസ്, ചോക്ലേറ്റ് ബോൾ, മടക്ക് ബോളി, മൈസൂർ പാക്ക്, പായസം, കൊഴുക്കട്ട, പിടി, മധുര സേവ, സാൻ വിച്ച്, ചിക്കൻ തിന റോൾ, തിന റാഗി ഷവർമ, നൂഡിൽസ്,സ്പ്രിംഗ് റോൾ, തുടങ്ങി 501 വിഭവങ്ങളാണ് ഒരുക്കിയത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-04 11:47:19
ലേഖനം നമ്പർ: 1253