സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായി. 16 മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറൽ ആശുപത്രികൾ, 22 താലൂക്ക് ആശുപത്രികൾ, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 453 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 49 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 10 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക് ഹെൽത്ത് ലാബ്, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. 130 ആരോഗ്യ കേന്ദ്രങ്ങളിൽ കൂടി ഇ ഹെൽത്ത് പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

സർക്കാർ ആരോഗ്യ  പരിചരണ കേന്ദ്രങ്ങളിലെ  സേവനങ്ങളെ ഒറ്റപ്ലാറ്റ്ഫോമിൽ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് 'ഒരു പൗരൻ -ഒരു ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്' എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഇ-ഹെൽത്ത് . ആരോഗ്യ മേഖലയിൽ ഇ ഗവെർണൻസ് സേവനങ്ങൾ നടപ്പിലാക്കുന്നതിനായി രൂപം നൽകിയ ഇ - ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഇ-ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിൽ മുൻകൂട്ടി അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും.  ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുമ്പോൾ മുൻകൂർ ടോക്കൺ ലഭ്യമാക്കാനും ഈ സംവിധാനത്തിലൂടെ സാധിയ്ക്കും.ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉൾകൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയൽ നമ്പരും (Unique Health ID) ഈ വെബ്‌പോർട്ടൽ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായ സേവനങ്ങൾ, ചികിത്സ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും പോർട്ടൽ വഴി അറിയാം. സംസ്ഥാനത്തെ ഏതു സർക്കാർ ആശുപത്രിയിലും ഒരു വ്യക്തിയുടെ ചികിത്സ  രേഖ ഇതിലൂടെ ലഭ്യമാകും. 

സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-12-07 16:33:56

ലേഖനം നമ്പർ: 1236

sitelisthead