കേരളത്തിന് അഭിമാനമായി യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കി കോഴിക്കോട് . യുനെസ്കോ സാഹിത്യനഗരമെന്ന പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം, വായനശാലകൾ, പ്രസാധകർ, സാഹിത്യോത്സവങ്ങൾ എഴുത്തുകാർ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യ നഗരം എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തത്.

കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപാരമ്പര്യത്തിനും ഊർജ്ജസ്വലമായ സാംസ്കാരികമേഖലയ്ക്കും ലഭിച്ച അർഹിച്ച അംഗീകാരമാണ്  അഭിമാനകരമായ യുനെസ്കോയുടെ സാഹിത്യനഗരമെന്ന പദവി. ഈ നേട്ടം കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യ സംസ്കാരം, ചരിത്രപരമായ പ്രാധാന്യം സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവയുടെ കൂടിച്ചേരലാണ്. എസ് കെ പൊറ്റക്കാടും എം ടി വാസുദേവൻ നായരും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും എൻ എൻ കക്കാടും പി വത്സലയും കെ ടി മുഹമ്മദും സഞ്ജയനും എൻ വി കൃഷ്ണ വാര്യരും ഉൾപ്പെടെയുള്ള അനവധി അതിപ്രഗത്ഭരായ സാംസ്കാരികനായകർ പടുത്തുയർത്തിയതാണ് ആ നഗരത്തിന്റെ അതിസമ്പന്നമായ, ജീവസ്സുറ്റ സാംസ്കാരികലോകം. അതിന്റെ തിളക്കം ഇന്നത്തെ തലമുറ കെടാതെ സൂക്ഷിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ് ഈ അംഗീകാരം

കേരളത്തിന്റെ സാഹിത്യസാംസ്കാരിക മേഖലയെ സ്വാധീനിച്ച മറ്റൊരു ദേശമില്ല. യുനെസ്‌കോയുടെ സാഹിത്യ നഗരമെന്ന നിലയിൽ കേരളത്തിന്റെ സാഹിത്യ മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമാകുകയാണ് കോഴിക്കോട്. ലോക സാഹിത്യത്തെ അടുത്തറിയാനും മലയാള സാഹിത്യം ലോകത്തിൻറെ വിവിധഭാഗങ്ങളിൽ എത്തിക്കാനും പുതിയ പദവി വഴിയൊരുക്കും. കോഴിക്കോടിന് പുറമെ യുനെസ്കോ തിരഞ്ഞെടുത്ത 55 സർഗാത്മക നഗരങ്ങളിൽ സംഗീത നഗരമായി മധ്യപ്രദേശിലെ ഗ്വാളിയോറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
 
കോഴിക്കോടിനെ യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത് നഗരത്തിന്റെ  ഊർജ്ജസ്വലമായ സാഹിത്യ സംസ്‌കാരത്തിന്റെ മികവിനോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്. ഈ അഭിമാനകരമായ അംഗീകാരം കോഴിക്കോടിന്റെ സാഹിത്യ മേഖലയെ  കൂടുതൽ ശക്തിപ്പെടുത്തുകയും കൂടുതൽ ആളുകളെ മേഖലയിലേയ്ക്ക് ആകർഷിക്കുകയും ചെയ്യും.ഈ നേട്ടത്തിലൂടെ സാഹിത്യ പാരമ്പര്യം ഉൾക്കൊണ്ടും സർഗ്ഗാത്മകത വളർത്തിയെടുത്തും കോഴിക്കോട് ആഗോളതലത്തിൽ സാഹിത്യ മികവിന്റെ കേന്ദ്രമാകും.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-11-02 17:57:12

ലേഖനം നമ്പർ: 1200

sitelisthead