ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കുടുംബശ്രീ നടപ്പാക്കുന്ന സംരഭമാണ് ബഡ്‌സ് സ്ഥാപനങ്ങൾ. സാമൂഹ്യ സേവനത്തിന്റെ  കേരള മാതൃകയായ ബഡ്‌സ് സ്ഥാപനങ്ങൾ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന രാജ്യത്തെ തന്നെ ഏറ്റവും വിപുലമായ സംവിധാനമാണ്. 

നിലവിൽ 359 ബഡ്സ് സ്ഥാപനങ്ങളാണ് കുടുംബശ്രീ നടത്തുന്നത്. 18 വയസ് വരെയുള്ളവർക്കായി 167 ബഡ്സ് സ്‌കൂളുകളും 18 വയസിന് മുകളില്‍ പ്രായമുള്ളവർക്കായി 192 ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണുള്ളത്. റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ തൊഴില്‍, ഉപജീവന പരിശീലനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ബഡ്‌സ് സ്ഥാപനങ്ങളിലൂടെ 11,642 പരിശീലനാർഥികൾക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് പിന്തുണ നൽകുന്നു. 495 അധ്യാപകരും 622 ആയമാരും ഈ ബഡ്‌സ് സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കി വരുന്നു.

കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളുകളും  ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ പകൽ പരിപാലനം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പുനരധിവാസം തുടങ്ങിയവയാണ് നിർവഹിക്കുന്നത്. ബഡ്സ് സ്ഥാപനങ്ങളിലെ മുഴുവന്‍ പരിശീനാര്‍ഥികളെയും സമ്പൂര്‍ണ ആരോഗ്യ സുരക്ഷ പദ്ധതിയായ നിരാമയയില്‍ ഉള്‍പ്പെടുത്തി. പദ്ധതിയുടെ പോളിസി തുക പൂർണമായും അടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ബഡ്സ് സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ₹ 12.5 ലക്ഷം വീതം ലഭ്യമാക്കി.

 ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ പരാശ്രയമില്ലാതെ ജീവിക്കാൻ പ്രാപ്തരാക്കുകയാണ്‌ ഓരോ കേന്ദ്രത്തിന്റെയും ലക്ഷ്യം. ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ഉപജീവന പദ്ധതിയും നടപ്പിലാക്കിവരുന്നു. ബഡ്സ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് പലപ്പോഴും കുട്ടികളോടൊപ്പം സ്ഥാപനങ്ങളില്‍ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്നത് കണക്കിലെടുത്തുകൊണ്ടാണ് അവരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നത്. 

18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലനാർഥികൾക്ക് സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്നതിന് തൊഴില്‍ പരിശീലനങ്ങള്‍ നല്‍കി വരുന്നു. പേപ്പര്‍-പേന നിര്‍മാണം, പേപ്പര്‍ ഫയല്‍ നിര്‍മാണം, കുട നിര്‍മാണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തൊഴില്‍ പരിശീലനങ്ങളാണ് ഇത്തരത്തില്‍ നല്‍കി വരുന്നത്. നിലവില്‍ 162 സംരംഭങ്ങള്‍ ബഡ്സ് സ്ഥാപനങ്ങളുടെ ഭാഗമായുണ്ട്. കുടുംബശ്രീ തിരുവനന്തപുരം ജില്ല മിഷനു കീഴില്‍ ബഡ്‌സ് സ്ഥാപങ്ങളിലെ കുട്ടികള്‍ തയാറാക്കുന്ന ഉത്പന്നങ്ങള്‍ ഇതള്‍ ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നുണ്ട്. ജില്ലയിലെ 14 ബഡ്‌സ് സ്ഥാപനങ്ങളില്‍ നിന്നായി നോട്ട് പാഡ്, ഓഫീസ് ഫയല്‍, വിത്തുപേന, തുണിസഞ്ചി, പേപ്പര്‍ സഞ്ചി തുടങ്ങിയ മനോഹരമായ ഉത്പന്നങ്ങളാണ് ഇതള്‍ ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്.  

ബഡ്സ് പരിശീലനാർഥികളുടെ മാനസിക വളര്‍ച്ചയ്ക്ക് തുണയാകുന്നതിനായി കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും പരമാവധി പ്രോത്സാഹനം നല്‍കുന്നു. ഇതിനായി ബഡ്സ് കലോത്സവങ്ങള്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്നു. സ്ഥാപന-ജില്ല-സംസ്ഥാന തലങ്ങളിലാണ് ബഡ്സ് കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. ബഡ്‌സ് സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ സംഗീതം, നൃത്തം, മറ്റ് കലാ-കായിക ഇനങ്ങള്‍, യോഗ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ ഉണര്‍വേകുന്നതിനായി സഞ്ജീവനി അഗ്രി തെറാപ്പി പ്രവര്‍ത്തനങ്ങളും നടത്തുന്നു. എല്ലാ ബഡ്സ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കുട്ടികളുടെയും പരിശീലനാര്‍ഥികളുടെയും മാനസികോല്ലാസം ലക്ഷ്യമിട്ട് കാര്‍ഷിക പ്രവർത്തനങ്ങളും നടത്തിവരുന്നു. 

ബഡ്സ് സ്ഥാപനങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും കൂടുതൽ ജനകീയമാക്കുന്നതിനും ബൗദ്ധീക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ ഭാഗമായി വളർത്തികൊണ്ടുവരുന്നതിനുമായി ആഗസ്റ്റ് 16 ബഡ്സ് ദിനമായി ആചരിക്കുന്നു . 2004 ൽ കുടുംബശ്രീ മിഷന്റെയും വെങ്ങാനൂ‍‍‍ർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സംരഭമായ കേരളത്തിലെ ആദ്യത്തെ ബഡ്സ് സ്കൂൾ തിരുവനതപുരം ജില്ലയിലെ  വെങ്ങാനൂ‍‍‍രിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ആഗസ്റ്റ് 16 ന് ആണ് ബഡ്സ് ദിനം.  

19 വര്‍ഷം കൊണ്ട് ഈ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബഡ്സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ബഡ്‌സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്നതിനും നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-08-26 12:41:09

ലേഖനം നമ്പർ: 1173

sitelisthead