ലഹരി കടത്തിനെതിരെ ശക്തമായ നടപടികളുമായി എക്സൈസ് വകുപ്പ്. 2023 ജനുവരി മുതല്‍ മെയ് വരെ 45,637 കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 2,740 കേസുകൾ മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ്. ഈ കേസുകളിലായി 2,726 പേര്‍ അറസ്റ്റിലായി. 4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെറ്റാഫിറ്റമിന്‍, 4.03 കിലോ ഹാഷിഷ് ഓയില്‍ എന്നിവ ഇക്കാലയളവില്‍ പിടിച്ചെടുത്തു. ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 2.727 ഗ്രാം എല്‍എസ്ഡി, 191.725 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 276 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ₹ 14.66 കോടിയാണ് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യം.

8003 അബ്കാരി കേസുകളും 34,894 പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും പിടിച്ചിട്ടുണ്ട്. അബ്കാരി കേസുകളില്‍ 6926 പേര്‍ പിടിയിലായി. 578 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ്, വനം തുടങ്ങി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 836 റെയ്ഡുകളും എക്സൈസ് ഇക്കാലയളവില്‍ നടത്തി. 

മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ് (358 എണ്ണം), കുറവ് കാസറഗോഡും (31). മയക്കുമരുന്ന് കേസുകള്‍ ജനുവരി മാസത്തില്‍ 494ഉം, ഫെബ്രുവരി 520, മാര്‍ച്ച് 582, ഏപ്രില്‍ 551, മെയ് 585 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തത്. 

ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും അധികം കേസുകൾ രജിസ്റ്റർ ചെയ്തത്. അതിർത്തിയിൽ കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (കെമു) പട്രോളിംഗും പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍-കോളേജ് പരിസരങ്ങളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ 155358 എന്ന ടോൾഫ്രീ നമ്പറിലോ 0471 2473149 നമ്പറിലോ അറിയിക്കാം. 9656178000 എന്ന നമ്പറിലൂടെ സ്‌കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരി സംബന്ധിച്ച വിവരങ്ങൾ കൈമാറാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-26 14:09:43

ലേഖനം നമ്പർ: 1117

sitelisthead