മാലിന്യ സംസ്കരണ രംഗത്ത് തദ്ദശസ്ഥാപനങ്ങളുടെ പിന്തുണനാ സംവിധാനമായി പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനി വഴിയുള്ള മാലിന്യ നീക്കത്തിൽ വൻ മുന്നേറ്റം. 2023 മെയ് മാസം മാത്രം 5355.08 മെട്രിക് ടൺ മാലിന്യമാണ് കമ്പനി സംസ്ഥാനത്താകെ ശേഖരിച്ച് നീക്കം ചെയ്തത്. 2022 മെയ് മാസത്തിൽ ഇത് 3728.74 മെട്രിക് ടൺ ആയിരുന്നു. ഇതിൽ വേര്‍തിരിച്ച പ്ലാസ്റ്റിക് മാലിന്യം 620.59 ടൺ മാത്രമായിരുന്നെങ്കിൽ 2023 മെയിൽ ഇത് 1014.04 ആയി വര്‍ധിച്ചു (63.39% വര്‍ധന). 2023 മെയിൽ 63.55 ലക്ഷം രൂപയും ഏപ്രിലിൽ 57.02 ലക്ഷം രൂപയും ക്ലീൻ കേരളാ കമ്പനി ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
2021-22 വര്‍ഷത്തിൽ ആകെ 7657 മെട്രിക് ടൺ മാലിന്യമായിരുന്നു ക്ലീൻ കേരളാ കമ്പനി നീക്കം ചെയ്തത്. 2022-23 വര്‍ഷത്തിൽ ഇത് നാലിരട്ടിയോളം (30218 മെട്രിക് ടൺ) വര്‍ധിപ്പിക്കാനായി. തരംതിരിച്ച പ്ലാസ്റ്റിക് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 8463 മെട്രിക് ടണ്ണായി വര്‍ധിച്ചു. ഇതുമൂലം ഹരിതകര്‍മ്മ സേനയ്ക്ക് ആറുകോടി രൂപയിലധികം പാഴ്വസ്തുക്കളുടെ വിലയായി കൈമാറാനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ ഷ്രെഡഡ് പ്ലാസ്റ്റിക് 259.98 ടൺ ഉല്‍പ്പാദിപ്പിക്കാനും ഇതിൽ 55.92 ടൺ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി കൈമാറാനും ക്ലീൻ കേരളാ കമ്പനിക്ക് കഴിഞ്ഞു.
മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ കുന്നുകൂടിക്കിടന്ന (ലെഗസി വേസ്റ്റ്) 7610.53 ടൺ മാലിന്യം നീക്കം ചെയ്തു. 1713.56 ടൺ മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്, 197.868 ടൺ ഇ മാലിന്യം, 36.65 ടൺ ഹസാര്‍ഡസ് വേസ്റ്റ്, 1053.67 ടൺ ചില്ലുമാലിന്യം, 327.71 ടൺ തുണി മാലിന്യം, ചെരുപ്പ്-ബാഗ്-തെര്‍മ്മോക്കോള്‍ വിഭാഗത്തിലെ 2037.59 ടൺ മാലിന്യം, 7.77 ടൺ മരുന്ന് സ്ട്രിപ്പ് എന്നിവയും നീക്കം ചെയ്യാനായി. ആകെ മാലിന്യ ശേഖരണത്തിൽ എറണാകുളമായിരുന്നു മുന്നിൽ, 4735.96 ടൺ. പക്ഷെ തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നതിലും അതുവഴി ഹരിതകര്‍മ്മ സേനയ്ക്കുള്ള വരുമാനത്തിലും ഒന്നാമതെത്തിയത് കണ്ണൂര്‍ ജില്ലയാണ്. കണ്ണൂരില്‍ 1186.12 ടൺ തരംതിരിച്ച പ്ലാസ്റ്റികാണ് ശേഖരിച്ചത്, ഇതുവഴി 99.76 ലക്ഷം രൂപ ഹരിതകര്‍മ്മ സേനയ്ക്ക് ലഭിക്കുകയും ചെയ്തു. എറണാകുളം ജില്ലയിൽ ഇത് 510.38 ടണ്ണും 28.32 ലക്ഷം രൂപയും മാത്രമാണ്. ചില്ല്, തുണി, ഇ വേസ്റ്റ്, മരുന്ന് സ്ട്രിപ്പ്, ടയര്‍, ചെരുപ്പ്, ഹസാര്‍ഡസ് വേസ്റ്റ് ഉള്‍പ്പെടെ എല്ലാത്തരം മാലിന്യവും ക്ലീൻ കേരളാ കമ്പനി നിലവിൽ ശേഖരിക്കുന്നുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-24 18:55:40
ലേഖനം നമ്പർ: 1115