പരമ്പരാഗത കയർ വ്യവസായ മേഖലയ്ക്ക് പിന്തുണയുമായി വ്യവസായ വകുപ്പ്. നിയന്ത്രിത യന്ത്രവത്ക്കരണവും അടിസ്ഥാന സൗകര്യ വികസനവും നടത്തിയ സംഘങ്ങൾക്ക് പ്രവർത്തനമൂലധനം കൂടി നൽകി പ്രവർത്തനയോഗ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രവർത്തന മൂലധനമായും ₹ 4.5 കോടി രൂപ 300 സംഘങ്ങൾക്കായി നൽകും. ഇതോടൊപ്പം 100 സംഘങ്ങൾക്ക് ₹ 1 ലക്ഷം വീതവും, ബാക്കി 134 സംഘങ്ങൾക്ക് അർഹതയുടെ അടിസ്ഥാനത്തിൽ നിശ്ചിത തുക നൽകുന്നതിനായി ₹ 2 കോടിയും അനുവദിച്ചു.
പ്രവർത്തന മൂലധനത്തിന് പുറമെ 313 സംഘങ്ങളിലെ 329 ജീവനക്കാർക്ക് 2023–24 സാമ്പത്തിക വർഷത്തിൽ മാനേജീരിയൽ സബ്സിഡിയായി ₹ 2 കോടി വകയിരുത്തി. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി ഇതിൽ നിന്ന് ₹ 50 ലക്ഷം അനുവദിച്ചു. ഇൻകം സപ്പോർട്ട് സ്കീമിൽ കുടിശികയുള്ള ₹ 2.06 കോടി ചിറയിൻകീഴ്, വൈക്കം, കായംകുളം, കോഴിക്കോട് എന്നീ പ്രൊജക്റ്റ് ഓഫീസുകൾക്ക് കീഴിലുള്ള സംഘങ്ങൾക്ക് അനുവദിച്ചു. കയർ മേഖലയിൽ വിലസ്ഥിരത പദ്ധതിയിൽ നടപ്പുവർഷം ₹ 3.44 കോടി കയർഫെഡിന് അനുവദിച്ചു. ഒപ്പം അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ നടപ്പു സാമ്പത്തിക വർഷം 10 കയർ സംഘങ്ങൾക്കായി ₹ 1.87 കോടിയും അനുവദിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-16 11:08:23
ലേഖനം നമ്പർ: 1100