ചികിത്സാ സംബന്ധിയായ അടിയന്തര ഘട്ടങ്ങളിൽ ആവശ്യക്കാർക്ക് യഥാസമയം രക്തം ലഭ്യമാക്കുന്നതിനായി രക്തദാതാക്കളെയും, അപേക്ഷകരേയും പരസ്പരം ബന്ധിപ്പിക്കുന്നതിന്  കേരള പോലീസ് ആവിഷ്ക്കരിച്ച ഒരു പൗരകേന്ദ്രീകൃത സേവനമാണ് പോൽ -ബ്ലഡ്.  2021 ല്‍ തുടങ്ങിയ പോല്‍ ബ്ലഡ് ആപ്പിന്റെ സഹായത്തോടെ  18638 പേര്‍ക്ക്  24910 യൂണിറ്റ് രക്തം നൽകി.  രക്തദാതാക്കള്‍ക്കും രക്തം ആവശ്യമുള്ളവര്‍ക്കും പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍  എന്നിവിടങ്ങളില്‍ നിന്നും പോല്‍ ആപ്പ് ഡൌണ്‍ലോഡ്  ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. 41520 രക്തദാതാക്കള്‍ നിലവില്‍ പോല്‍ ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രക്തദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്  തിരുവനന്തപുരം ജില്ലയില്‍ നിന്നുമാണ് (9157). 

പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പോല്‍ ബ്ളഡ് സ്റ്റേറ്റ് കണ്‍ട്രോള്‍ സെന്ററാണ് ദാതാക്കളെ ബന്ധപ്പെട്ട് രക്തം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. രക്തമാവശ്യമുള്ളവരെ ചികിത്സയിലിരിക്കുന്ന ജില്ലയിലെയോ അടുത്തുള്ള മറ്റു സ്ഥലങ്ങളിലോ ഉള്ള രക്തദാതാക്കളുമായി ആപ്പ് വഴി ബന്ധിപ്പിക്കുന്നത് വഴി ആവശ്യക്കാരിലേക്ക് സമയബന്ധിതമായി രക്തം എത്തിക്കാന്‍ കഴിയും. ആപ്പ്  മോഡ്യൂളിൽ പ്രധാനമായും രക്തദാന വിഭാഗം,രക്തസ്വീകരണ വിഭാഗം എന്നീ രണ്ട് വിഭാഗങ്ങളാണുള്ളത്. ഏതൊരാൾക്കും, തന്റെ രക്തഗ്രൂപ്പ്, ബന്ധപ്പെടേണ്ട നമ്പർ, രക്തം ദാനം ചെയ്യാൻ താത്പര്യമുള്ള പ്രദേശം എന്നീ വിവരങ്ങൾ നൽകി 'ദാതാവ്' ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.സ്വീകരണ വിഭാഗത്തിൽ, രക്തഗ്രൂപ്പ്, ആവശ്യമുള്ള രക്തത്തിന്റെ യൂണിറ്റ്, ആശുപത്രിയുടെ വിവരങ്ങൾ, രക്തബാങ്ക് വിവരങ്ങൾ, രക്തം ആവശ്യമുള്ള തീയതി, സമയം, കൂട്ടിരിപ്പുകാരുടെ വിവരങ്ങൾ എന്നിവ നൽകിക്കൊണ്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
POL-BLOOD കൺട്രോൾറൂം, രക്തം ദാനം ചെയ്യാൻ തയ്യാറുള്ള ദാതാവിനെയും, രക്തം ആവശ്യപ്പെട്ടുകൊണ്ട് സ്വീകർത്താവ് നൽകിയ അപേക്ഷയും തമ്മിൽ ഏകോപിപ്പിക്കുന്നു. അവർ അപേക്ഷകനെയും, ദാതാവിനെയും ബന്ധപ്പെട്ട് ആവശ്യമായ സേവനം ഉചിതമായ രീതിയിൽ പ്രദാനം ചെയ്യുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് രക്തദാനത്തിനായി സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്.  കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ്  പ്രവര്‍ത്തനം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-15 14:37:49

ലേഖനം നമ്പർ: 1098

sitelisthead