പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ (കെ.എം.എം.എല്‍.) മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ഈ വര്‍ഷം 89 കോടി രൂപയുടെ റെക്കോഡ് ലാഭത്തില്‍. 2021-22ല്‍ 17.6 കോടി ആയിരുന്നു ലാഭം. ഒപ്പം സില്ലിമനൈറ്റിന്റെ ഉല്‍പാദനത്തിലും വിപണത്തിനും കെ.എം.എം.എല്‍.  ഈ വര്‍ഷം റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 8855 ടണ്‍ സില്ലിമനൈറ്റ് ഉത്പാദനം നടത്തിയ സ്ഥാപനം 8230 ടണ്‍ വിപണനവും നടത്തി. 

2019ല്‍  മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ നടത്തിയ പ്ലാന്റ് നവീകരണം യൂണിറ്റിനെ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. കമ്പനിയുടെ തനത് ഫണ്ടില്‍ നിന്നും 120 കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരണ ആധുനികവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കരിമണലില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ 'ഫ്രോത്ത് ഫ്ളോട്ടേഷന്‍' നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മീഷന്‍ ചെയ്യുകയും ചെയ്തു. തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ എത്തിച്ചത് ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്തു. എല്‍. പി. ജി.യ്ക്ക് പകരം എല്‍. എന്‍. ജി. ഇന്ധനമാക്കി. ഇത് ഉത്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിച്ചു. 

ഊര്‍ജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പുതിയ 70 ടണ്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. സ്ഥാപനത്തിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്യാനും തുടങ്ങി. പുറത്തു നിന്ന് ഓക്സിജന്‍ വാങ്ങുന്നത് ഒഴിവായതോടെ വര്‍ഷം 10 കോടിയോളം രൂപ ലാഭിക്കാം. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2020-21ല്‍ 112 കോടി രൂപ ലാഭം നേടിയ സ്ഥാപനം 783 കോടിയുടെ വിറ്റുവരവാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ആറുവര്‍ഷത്തില്‍ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനമാണ് കെ.എം.എം.എല്‍..

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-16 10:31:42

ലേഖനം നമ്പർ: 1094

sitelisthead