പട്ടികവർഗ കുടുംബങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ട്രൈബൽ പ്ലസ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 10 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ പട്ടിക വർഗ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ അധികമായി നൽകുന്ന പദ്ധതിയാണ് ട്രൈബൽ പ്ലസ്. രാജ്യത്ത് ആദ്യമായാണ് പട്ടിക വർഗ കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങൾ ഉറപ്പുനൽകുന്ന പദ്ധതി  നടപ്പാക്കുന്നത്.

10 ലക്ഷം തൊഴിൽ ദിനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയിൽ 11,82,527 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി. 2022-23 വർഷത്തിൽ 30,429 പട്ടിക വർഗ കുടുംബങ്ങൾക്ക് 100 ദിവസവും 3,312 കുടുംബങ്ങൾക്ക് 200 ദിവസവും തൊഴിൽ ലഭിച്ചു. ആകെ 11,82,527 തൊഴിൽ ദിനങ്ങളാണ് ഇങ്ങനെ പൂർത്തിയാക്കിയത്. 

പട്ടികവർഗ സങ്കേതങ്ങളിലേക്കുളള റോഡ് നിർമാണം, പട്ടികവർഗ കുടുംബങ്ങളുടെ ഭൂമിയിൽ ഭൂവികസന പ്രവർത്തനങ്ങളും മറ്റ് ആദായ ദായകമായ ആസ്തി നിർമാണ പ്രവർത്തനങ്ങളും ട്രൈബൽ പ്ലസിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. പട്ടികവർഗ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിൽ ദേശീയ ശരാശരിയേക്കാൾ (52%) ഉയർന്ന സംസ്ഥാന ശരാശരി (86%) കേരളത്തിനുണ്ട്. ആകെ തൊഴിൽ ലഭിക്കുന്ന പട്ടികവർഗ കുടുംബങ്ങളിൽ 100 തൊഴിൽ ദിനങ്ങൾ ലഭ്യമായ കുടുംബങ്ങളിൽ ദേശീയ ശരാശരിയേക്കാൾ (8%) ഉയർന്നതാണ് കേരളത്തിന്റെ ശരാശരി (39%).

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-27 12:29:53

ലേഖനം നമ്പർ: 1069

sitelisthead