വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലൂടെ കേരളത്തിൽ 324 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
കൊല്ലം-45, പാലക്കാട്-34, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ 33 വീതം, കോഴിക്കോട്-27, കാസറഗോഡ്-21, കോട്ടയം-23, ഇടുക്കി-19, കണ്ണൂർ-17, ആലപ്പുഴ-16, മലപ്പുറം, പത്തനംതിട്ട 15 വീതം, വയനാട്-14, എറണാകുളം-12 എന്നിങ്ങനെയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ കണക്ക്.
377 വില്ലേജ് ഓഫീസുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നവീകരിച്ചു. കണ്ണൂർ-59, മലപ്പുറം, കോഴിക്കോട് 47 വീതം, കാസറഗോഡ്-39 ഉം വില്ലേജ് ഓഫീസുകൾ നവീകരിച്ച് സ്മാർട്ട് ആക്കി. 219 വില്ലേജ് ഓഫീസുകൾക്ക് ചുറ്റുമതിലും നിർമിച്ചു.
അടുത്ത 6 മാസത്തിനുള്ളിൽ 139 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കും. പാലക്കാട്-26, കണ്ണൂർ-21, ആലപ്പുഴ-17, ഇടുക്കി-15, പത്തനംതിട്ട-13, കാസറഗോഡ്-11, കോഴിക്കോട്-9, തിരുവനന്തപുരം-7, തൃശൂർ-6, കോട്ടയം-5, കൊല്ലം-4, എറണാകുളം, വയനാട് 2 വീതം, മലപ്പുറം-1 എന്നിങ്ങനെയാണ് സ്മാർട്ടാകുന്ന വില്ലേജ് ഓഫീസുകൾ.
സാധാരണ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും പുറമേ ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ടോയ്‌ലറ്റ് എന്നിവ ഉറപ്പാക്കുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ.
2022-23 സാമ്പത്തിക വർഷം ഒരു വില്ലേജിന് 50 ലക്ഷം രൂപയും 2021-22, 2020-21 സാമ്പത്തിക വർഷങ്ങളിൽ ഒരു വില്ലേജിന് 44 ലക്ഷം രൂപയും വീതം സ്മാർട്ട് വില്ലേജ് ഓഫീസുകൾക്ക് സർക്കാർ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-23 18:17:25
ലേഖനം നമ്പർ: 1063