ദേശീയ മൃഗ സംരക്ഷണ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള ശുദ്ധമായ പാൽ ഉത്പ്പാദിപ്പിക്കുന്നത് മലബാർ മേഖല ക്ഷീര കർഷകർ. വകുപ്പിന്റെ കണക്കു പ്രകാരം മലബാർ മേഖല ക്ഷീര കർഷകരിൽ നിന്നും മിൽമ സംഭരിക്കുന്ന പാലിന്റെ ശരാശരി അണു ഗുണനിലവാരം 204 മിനിറ്റായി {The Methylene Blue Reduction Test Time - (MBRT)}* ഉയർന്നു. അടുത്ത സാമ്പത്തിക വർഷം 236 മിനിറ്റായി ഉയർത്തുകയാണ് ലക്ഷ്യം. 

190 മിനിറ്റ്, 180 മിനിറ്റ് എന്നീ ക്രമത്തിൽ അണു ഗുണനിലവാരത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത് കർണ്ണാടകയും പഞ്ചാബുമാണ്. തമിഴ്നാട് 80, ആന്ധ്ര പ്രദേശ് 30, ഗുജറാത്ത് 90, ഹിമാചൽ പ്രദേശ് 60, മഹാരാഷ്ട്ര 60, മണിപ്പൂർ 60, മേഘാലയ 120, ബീഹാർ 60, ജമ്മു ആന്റ് കാശ്മീർ 90, നാഗലൻഡ് 60, ഒഡീഷ 60, രാജസ്ഥാൻ 120, സിക്കിം 60 എന്നിങ്ങനെയാണ് യഥാക്രമം മറ്റു സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന പാലിന്റെ അണു ഗുണനിലവാരം.

കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഗ്രാമീണ ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ കേന്ദ്ര സ്ഥാപനമാണ് മലബാർ മേഖല സഹകരണ ക്ഷീരോല്പാദക യൂണിയൻ. ഉത്പ്പാദന, സംഭരണ തലങ്ങളിൽ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി സഞ്ചരിക്കുന്ന 14 പാൽ പരിശോധനാ ലാബുകൾ, ഗ്രാമതല പ്രവർത്തകർ വഴി അകിടുവീക്ക നിയന്ത്രണ പദ്ധതി, ബയോഗ്യാസ് പ്ലാന്റിനും, കാലിത്തൊഴുത്തിനും, സ്റ്റീൽ പാൽ പാത്രങ്ങൾക്കും കർഷകർക്ക് ധനസഹായം, അണുഗുണ നിലവാര പരിശോധന സൗകര്യം ഒരുക്കുന്നതിനും, സെൻട്രിഫ്യൂജുകൾക്കും, പാൽക്യാനുകൾക്കും ക്ഷീര സംഘങ്ങൾക്ക് ധനസഹായം, ക്ഷീര സംഘങ്ങളിൽ പാൽ ശീതീകരിക്കുന്നതിനായി ബൾക്ക് മിൽക്ക് കൂളറുകൾ, 62 ക്ഷീര സംഘങ്ങൾക്ക് അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷ അംഗീകാരം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് പാൽ ഗുണനിലവാര വർധനവിനായി മലബാർ മിൽമ നടപ്പാക്കുന്നത്.

* MBRT ടെസ്റ്റ് എന്നറിയപ്പെടുന്ന മെത്തിലീൻ ബ്ലൂ ഡൈ റിഡക്ഷൻ ടെസ്റ്റ്, പാലിന്റെ മൈക്രോബയോളജിക്കൽ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ശാസ്ത്രീയ മാർഗമാണ്. പാൽ കറന്നത് മുതൽ എത്ര നേരം നോർമൽ ടെമ്പറേച്ചറിൽ പാൽ കേട് കൂടാതെ ഇരിക്കുന്നുവോ അത്രയും ബാക്ടീരിയകളുടെ അളവ് പാലിൽ കുറവും ഈ പാൽ കൂടുതൽ ഗുണനിലവാരം പുലർത്തുന്നതുമായിരിക്കും. ഇത് പരിശോധിക്കുന്നതിനായി നടത്തുന്ന ടെസ്റ്റ് ആണ് MBRT. സൂക്ഷ്മജീവികളുടെ പ്രവർത്തനം മൂലം പാലിൽ അടങ്ങിയിരിക്കുന്ന ഓക്‌സിജൻ തീർന്നുപോകുമ്പോൾ പാലിൽ ചേർക്കുന്ന ഡൈ ലായനിയുടെ (മെത്തിലീൻ ബ്ലൂ) നീല നിറം മാറുമെന്ന വസ്തുതയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിശോധന. ഈ നിറമാറ്റത്തിന് എടുക്കുന്ന സമയമാണ് മെത്തിലീൻ ബ്ലൂ ഡൈ റിഡക്ഷൻ ടെസ്റ്റ് ടൈം. വളരെ വേഗത്തിൽ നിറം മാറിയാൽ  പാലിന്റെ ബാക്ടീരിയോളജിക്കൽ ഗുണനിലവാരം കൂടുതൽ താഴ്ന്നതായിരിക്കും. നീല നിറം മാറുന്നതിന് എത്ര കൂടുതൽ സമയം എടുക്കുന്നുവോ പാലിന്റെ ഗുണനിലവാരം അത്രയും  കൂടുതൽ ആയിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-19 12:43:11

ലേഖനം നമ്പർ: 1057

sitelisthead