കേൾവിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളനുഭവിക്കുന്നവർക്ക് സ്വന്തമായി ശ്രവണസഹായി 'ശ്രവൺ' വികസിപ്പിച്ച് കെൽട്രോൺ. സി-ഡാക് സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോടുള്ള മൂടാടി യൂണിറ്റിൽ നിന്നുമാണ് കെൽട്രോൺ ഡിജിറ്റൽ ഹിയറിങ് എയ്ഡായ ശ്രവൺ പുറത്തിറക്കുക. കേൾവിസഹായി ആവശ്യമുള്ള വ്യക്തികളുടെ കേൾവി ഓഡിയോളജിസ്റ്റ് പരിശോധിച്ച്, ഓഡിയോഗ്രാം എടുത്ത്, അതനുസരിച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെ പ്രത്യേകം പ്രോഗ്രാം ചെയ്താണ് ശ്രവൺ ഉപഭോക്താക്കൾക്ക് നൽകുക. 64-ബാൻഡ്, 10-ചാനൽ ഹിയറിംഗ് എയ്ഡ് ആയതിനാൽ ഏറെ തെളിമയോടെ കേൾവി സാധ്യമാകും.
വിപണിയിൽ ലഭ്യമായ ശ്രവണ സഹായികളേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഉന്നത നിലവാരമുള്ള ശ്രവൺ കെൽട്രോൺ ലഭ്യമാക്കുന്നത്. കസ്റ്റമർ സപ്പോർട്ടിലൂടെ വിൽപ്പനാനന്തര സേവനങ്ങളും കെൽട്രോൺ നൽകുന്നുണ്ട്. 2022-23 സാമ്പത്തിക വർഷം മാത്രം കെൽട്രോൺ 8,000ത്തിൽ അധികം ശ്രവണസഹായികൾ വിൽപന നടത്തി.
ശ്രവണ സഹായികളുടെ നിർമ്മാണത്തിന് ആവശ്യമായ SMT (Surface Mount Technology), ഓഡിയോ അനലൈസർ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് മൂടാടി യൂണിറ്റിലുള്ളത്. ശ്രവൺ ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് ഏയ്ഡിന്റെ വലിപ്പം കുറഞ്ഞ പതിപ്പായ മിനി ഹിയറിങ് എയ്ഡുകളും ഇപ്പോൾ കെൽട്രോൺ നിർമിക്കുന്നുണ്ട്. ഇതോടെ മെഡിക്കൽ ഇലക്ട്രോണിക്സ് മേഖലയിലും കെൽട്രോൺ ശക്തമായ സാന്നിദ്യമായി മാറുകയാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-10 11:31:11
ലേഖനം നമ്പർ: 1036