കണ്ണൂർ, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലെ 4 ഭവന സമുച്ചയങ്ങളിലായി 174 കുടുംബങ്ങൾക്ക് വീടൊരുക്കി ലൈഫ് മിഷൻ. ഇടുക്കി കരിമണ്ണൂരിൽ 42, കണ്ണൂർ കടമ്പൂർ, കൊല്ലം പുനലൂർ,  കോട്ടയം വിജയപുരം ഭവന സമുച്ചയങ്ങളിൽ 44 അപ്പാർട്മെന്റുകളുമാണുള്ളത്. ഭിന്നശേഷിക്കാർക്കും, മറ്റ് ശാരീരികമായ അവശത ഉള്ളവർക്കുമായി താഴത്തെ നിലയിൽ 2 ഭവനങ്ങൾ നിർമിച്ചിട്ടുണ്ട്. ഓരോ അപ്പാർട്ട്‌മെന്റിലും ഒരു ഹാൾ 2 കിടപ്പ് മുറി ഒരു അടുക്കള ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു. ഇതിന് പുറമേ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്‌നിശമന സംവിധാനങ്ങൾ, വൈദ്യുതി, കുടിവെള്ളത്തിനായി കുഴൽക്കിണർ, കുടിവെള്ള സംഭരണി, സോളാർ ലൈറ്റ് സംവിധാനം ഖരമാലിന്യ സംസ്‌കരണം, ചുറ്റുമതിൽ, മഴവെള്ള സംഭരണി, ജനറേറ്റർ, ട്രാൻസ്‌ഫോർമർ എന്നിവയും അപ്പാർട്മെന്റിനോടനുബന്ധിച്ച് നിർമിച്ചട്ടുണ്ട്.

പ്രീഫാബ് സാങ്കേതിക വിദ്യയിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾ, എൽജിഎസ്എഫ് സാങ്കേതിക വിദ്യയിൽ കെട്ടിടത്തിന്റെ ഫ്രെയിം നിർമിച്ച്, അത് ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ച് കവർചെയ്താണ് ചുമർ നിർമിച്ചിരിക്കുന്നത്. കോൺക്രീറ്റ് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ 4 നിലകളും വാർത്തിട്ടുള്ളത്. കെട്ടിടത്തിൽ മതിയായ കാറ്റും വെളിച്ചവും ലഭിക്കുന്നതിന് 2 അകമുറ്റം നിർമിച്ചിട്ടുണ്ട്. മുറികളിൽ സെറാമിക് ടൈലും പൊതു ഇടങ്ങളിൽ വിട്രിഫൈഡ് ടൈലുമാണ് ഫ്‌ളോറിംഗിന് ഉപയോഗിച്ചിരിക്കുന്നത്. ഫാൻ,ലൈറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് എന്നിവയ്ക്കുള്ള സംവിധാനങ്ങളും നൽകിയിട്ടുണ്ട്. അനെർട്ടിന്റെ സൗരോർജ പ്ലാന്റുകൾ വഴി കെട്ടിടത്തിന്റെ പൊതുഇടനാഴികളിലും പൊതുവിടങ്ങളിലും വെളിച്ചം ഒരുക്കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെന്നാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് കടമ്പൂരിലെ നിർമാണം നിർവഹിച്ചത്. ബാക്കി മൂന്ന് ഭവനസമുച്ചയങ്ങളുടെയും നിർമാണം അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിറ്റ്‌സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിർവഹിച്ചു. തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് 4 പദ്ധതിയുടെയും കൺസൾട്ടൻസി നിർവഹണം നടത്തിയത്.

ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയുടെ ഭാഗമായി ഇതുവരെ3,39,822 ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. 2022-23സാമ്പത്തിക വർഷം 1,06,000വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 2022ഏപ്രിൽ മുതൽ ഇതുവരെ 54,430വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 60,160വീടുകളുടെ നിർമ്മാണം വിവിധഘട്ടങ്ങളിൽ പുരോഗമിക്കുന്നു. ഇതിന് പുറമേ25 ഭവനസമുച്ചയങ്ങളുടെ നിർമ്മാണവും പുരോഗമിക്കുന്നു. ഇതിന് പുറമേ എറണാകുളം ജില്ലയിലെ നെല്ലിക്കുഴി,തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ പുതിയ ഭവനസമുച്ചയങ്ങൽ നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.


കണ്ണൂർ ജില്ല – കടമ്പൂർ ഗ്രാമപഞ്ചായത്ത് ഭവന സമുച്ചയം

41.03 സെൻറിൽ 4 നിലകളിലായി ആകെ 44യൂണിറ്റുകളാണ് ഉള്ളത്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 26,857 ചതുരശ്ര അടിയാണ്. ഇതിൽ ഒരു വീടിന്റെ വിസ്തീർണം 511.53 ചതുരശ്ര അടിയാണ്. കെട്ടിടത്തിന്റെ കരാർ തുക ₹ 6.07 കോടിയാണ്. കെട്ടിടത്തിനോട് അനുബന്ധിച്ച് റോഡ് നിർമാണം, ചുറ്റുമതിൽ,ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം എന്നിവക്കായി 62.87ലക്ഷം രൂപയും ചെലവാക്കിയിട്ടുണ്ട്. ഇതുൾപ്പെടെ ആകെ ചെലവ് ₹ 6.70 കോടിയാണ്. 

കോട്ടയം ജില്ല – വിജയപുരം ഗ്രാമപഞ്ചായത്ത് ഭവന സമുച്ചയം

55.8 സെന്റിൽ നിർമിച്ച ഭവനസമുച്ചയത്തിൽ 4 നിലകളിലായി ആകെ 44യൂണിറ്റുകളാണ് ഉള്ളത്. ആകെ വിസ്തീർണം 26848 ചതുരശ്ര അടിയാണ്. ഇതിൽ ഒരു വീടിന്റെ വിസ്തീർണം 512 ചതുരശ്ര അടിയാണ്. കെട്ടിടത്തിന്റെ കരാർ തുക ₹ 6.73 കോടിയാണ്. കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവർത്തികളായ റോഡ് നിർമാണം, ചുറ്റുമതിൽ, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം എന്നിവക്കായി ഏകദേശം ₹ 62.35 ലക്ഷമാണ് ചെലവ്. ഇതുൾപ്പെടെ ആകെ ചെലവ് ₹ 7.35കോടിയാണ്.


ഇടുക്കി ജില്ല – കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഭവന സമുച്ചയം

ഇടുക്കി ജില്ലയിലെ കരിമണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതർക്കായി 50 സെന്റിൽ 4 നിലകളിലായി നിർമിച്ച ഭാവനസമുച്ചയത്തിൽ ആകെ 42 യൂണിറ്റുകളാണ് ഉള്ളത്. അംഗണവാടിയും ഒരു വയോജന കേന്ദ്രവും ഇതിനോടനുബന്ധിച്ച് നിർമിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 28,830 ചതുരശ്ര അടിയാണ്. ഇതിൽ ഒരു വീടിന്റെ വിസ്തീർണം 517 ചതുരശ്രഅടി വീതമാണ്. കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവർത്തികളായ റോഡ് നിർമാണം, ചുറ്റുമതിൽ, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം എന്നിവക്കായി ഏകദേശം ₹ 83.69 ലക്ഷമാണ് ചെലവ്. ഇതുൾപ്പെടെ ആകെ ചെലവ് ₹ 7.85 കോടിയാണ്.

കൊല്ലം ജില്ല – പുനലുർ മുനിസിപ്പാലിറ്റി ഭവന സമുച്ചയം

കൊല്ലം ജില്ലയിലെ പൂനലൂർ മുനിസിപ്പാലിറ്റിയിലെ ഭൂരഹിത ഭവനരഹിതർക്കായി 50 സെന്റിൽ 4 നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. ആകെ വിസ്തീർണം 28,857ചതുരശ്ര അടിയാണ്. ഇതിൽ ഒരു വീടിന്റെ വിസ്തീർണം 511.53ചതുരശ്ര അടിയാണ്. കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവർത്തികളായ റോഡ് നിർമാണം, ചുറ്റുമതിൽ, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവക്കായി ഏകദേശം ₹ 75.60 ലക്ഷംമാണ് ചെലവ്. ആകെ ചെലവ് ₹ 7.63കോടിയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-27 13:52:58

ലേഖനം നമ്പർ: 1014

sitelisthead