മികച്ച പ്രകടനം കാഴ്ചവെക്കുന്ന പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ പഞ്ചായത്ത് അവാർഡ് 2023 ൽ, 4 അവാർഡുകൾ കേരളം സ്വന്തമാക്കി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്.ഡി.ജി.) കൈവരിക്കുന്നതിലെ പഞ്ചായത്തുകളുടെ പ്രകടനം വിലയിരുത്തുന്നതിനും പഞ്ചായത്തുകൾക്കിടയിൽ മത്സരശേഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രക്രിയ വേഗത്തിലാക്കുന്നതിനുമാണ് പഞ്ചായത്ത് രാജ് മന്ത്രാലയം അവാർഡ് നൽകുന്നത്.

ദാരിദ്ര്യരഹിതവും മെച്ചപ്പെട്ട ഉപജീവനമാർഗമുള്ള പഞ്ചായത്ത്, ആരോഗ്യ സൗഹൃദ പഞ്ചായത്ത്, ശിശുസൗഹൃദ പഞ്ചായത്ത്, മതിയായ വെള്ളം ലഭ്യമായ പഞ്ചായത്ത്, വൃത്തിയും ഹരിതവുമായ പഞ്ചായത്ത്, സാമൂഹിക സുരക്ഷിതത്വമുള്ള പഞ്ചായത്ത്, നല്ല ഭരണമുള്ള പഞ്ചായത്ത്, സ്ത്രീ സൗഹൃദ പഞ്ചായത്ത്, അടിസ്ഥാന സൗകര്യങ്ങളിൽ സ്വയംപര്യാപ്തമായ പഞ്ചായത്ത് എന്നിങ്ങനെ എസ്ഡിജിയുമായി ബന്ധപ്പെട്ട 9 സൂചികകളെ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 

ആലപ്പുഴ ജില്ലയിലെ ചെറുതന ഗ്രാമപഞ്ചായത്ത് രാജ്യത്തെ ഏറ്റവും മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജില്ലയിലെ തന്നെ വീയപുരം പഞ്ചായത്തിന് മികച്ച സ്വയംപര്യാപ്ത അടിസ്ഥാന സൗകര്യത്തിനുള്ള അവാർഡ് ലഭിച്ചു. മതിയായ വെള്ള സൗകര്യമുള്ള പഞ്ചായത്ത് വിഭാഗത്തിൽ മലപ്പുറത്തെ പെരുമ്പടപ്പ് പഞ്ചായത്ത് 2-ാം സ്ഥാനം നേടിയപ്പോൾ തൃശൂർ ജില്ലയിലെ അളഗപ്പ നഗർ പഞ്ചായത്ത് സദ്ഭരണത്തിൽ 3-ാം സ്ഥാനത്തെത്തി. ഈ അവാർഡുകൾക്ക് പുറമെ കാർബൺ ന്യൂട്രൽ സംരംഭങ്ങൾക്ക് മീനങ്ങാടി പഞ്ചായത്തിന് പ്രത്യേക അവാർഡും ലഭിച്ചു.

ചെറുതന ഗ്രാമപഞ്ചായത്ത് എല്ലാ അങ്കണവാടികളും വെള്ള കണക്ഷൻ, വൈദ്യുതി, ശിശുസൗഹൃദ ടോയ്‌ലറ്റുകൾ, കളിയുപകരണങ്ങൾ തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി തദ്ദേശ സ്ഥാപനം ₹ 18.79 ലക്ഷം ചെലവഴിക്കുകയും ഉന്നത പഠനത്തിന് സ്‌കോളർഷിപ്പ് നൽകുകയും സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വിവിധ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിദ്യാർഥികൾക്കിടയിലെ ലഹരി, മദ്യപാനം എന്നിവക്കെതിരെയുള്ള ക്യാമ്പയിനുകൾക്ക് പഞ്ചായത്ത് തുടക്കമിടുകയും ശുചിത്വ മിഷന്റെ പിന്തുണയോടെ ശുചിത്വ ക്ലാസുകൾ നടത്തുകയും ചെയ്തു. ഉത്കണ്ഠയും സമ്മർദവും ലഘൂകരിക്കുന്നതിന് വിദ്യാർഥികൾക്ക് പതിവായി കൗൺസിലിംഗ് നൽകി വരുന്നു.

രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വെള്ള സൗകര്യമുള്ള പഞ്ചായത്തായ പെരുമ്പടപ്പ് 2021-22ൽ വെള്ള സംഭരണികൾ നിർമിക്കുന്നതിനും പുനഃരുജ്ജീവിപ്പിക്കുന്നതിനുമായി ₹ 2 കോടി ചെലവഴിച്ചു. ₹ 1 കോടി ചെലവഴിച്ച് പഞ്ചായത്ത് 2 കുളങ്ങൾ നിർമിച്ച് വെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്തി. പുരാവസ്തു വകുപ്പിന്റെ പിന്തുണയോടെ ചരിത്ര പ്രാധാന്യമുള്ള കിണറുൾപ്പടെ നവീകരിച്ചു. മഴവെള്ളക്കുഴികൾ കുഴിച്ചതിന് പുറമെ കനാലുകളുടെ തീരത്ത് പഞ്ചായത്ത് മുളയും ചെടികളും നട്ടുപിടിപ്പിച്ചു.

കാലതാമസമില്ലാത്ത കാര്യക്ഷമമായ സേവന വിതരണത്തിനാണ് അളഗപ്പ നഗർ പഞ്ചായത്തിന് അവാർഡ് ലഭിച്ചത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കൽ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, കാര്യക്ഷമമായ കുടിവെള്ള വിതരണം, ഗ്രാമസഭയിൽ എടുത്ത തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കൽ എന്നിവ പഞ്ചായത്തിന്റെ നേട്ടങ്ങളിൽ ചിലതാണ്. 2022ൽ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചായത്തിനുള്ള ദീൻ ദയാൽ ഉപാധ്യായ പുരസ്കാരവും അളഗപ്പ നഗർ പഞ്ചായത്ത് നേടിയിരുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-04-10 13:21:31

ലേഖനം നമ്പർ: 1009

sitelisthead