സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കരുത്തേകി സീഡ് ഫണ്ട്, സ്‌കെയില്‍ അപ്പ് പദ്ധതി എന്നിവ വഴി കെഎസ്ഐഡിസി ഇതുവരെ അനുവദിച്ചത് 33.72 കോടി രൂപ. 134 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സീഡ് ഫണ്ട് മുഖേന 28.29 കോടിയും 11 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കെയില്‍ അപ്പ് പദ്ധതിയിലൂടെ 5.43 കോടിയുമാണ് കെഎസ്ഐഡിസി അനുവദിച്ചത്.
നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായതും വന്‍ തോതില്‍ വാണിജ്യവത്ക്കരിക്കാന്‍ സാധ്യതയുള്ളതുമായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അവയുടെ പ്രാരംഭ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് സീഡ് ഫണ്ട് പദ്ധതി. ആരോഗ്യമേഖല, കൃഷി, വെബ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, ഇ-കോമേഴ്‌സ്, എഞ്ചിനീയറിങ്, ആയുര്‍വേദം, ധനകാര്യ സ്ഥാപനങ്ങള്‍, സിനിമാ-പരസ്യമേഖല, വിദ്യാഭ്യാസം, എച്ച്ആര്‍, ബയോടെക്നോളജി, ഡിഫന്‍സ് ടെക്നോളജി തുടങ്ങിയവ ഉള്‍പ്പെടുന്ന നിരവധി ടെക്നിക്കല്‍ മേഖലകള്‍ക്കാണ് സഹായം.
സീഡ് സ്റ്റേജ് വിജയകരമായി പൂര്‍ത്തിയാക്കുകയും തങ്ങളുടെ നൂതന ഉല്‍പ്പന്നം/ സേവനം വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സംരംഭത്തിന്റെ വളര്‍ച്ച ഘട്ടത്തില്‍ അവയുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന് 50 ലക്ഷം വരെ ഏഴ് ശതമാനം പലിശ നിരക്കില്‍ വായ്പയായി നല്‍കുന്നതാണ് 'സ്‌കെയില്‍ അപ്പ്'പദ്ധതി.ഈ സാമ്പത്തിക വര്‍ഷത്തില്‍ സീഡ് ഫണ്ട്, സ്‌കെയില്‍ അപ്പ് പദ്ധതികളിലൂടെ മുപ്പതോളം സംരംഭങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കാനാണ് കെഎസ്‌ഐഡിസി ഉദ്ദേശിക്കുന്നത്. പദ്ധതികളുടെ കൂടുതല്‍ വിവരങ്ങള്‍ കെഎസ്‌ഐഡിസിയുടെ www.ksidc.org ല്‍ ലഭിക്കും. ഫോണ്‍: 0484 2323010.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-27 11:53:31
ലേഖനം നമ്പർ: 997