അടുത്ത അധ്യയന വര്‍ഷത്തേക്ക്  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള കൈത്തറി സ്‌കൂള്‍ യൂണിഫോം മധ്യവേനലവധിക്ക് മുമ്പ് വിതരണം പൂർത്തിയാക്കും. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്.ആകെ 10 ലക്ഷം കുട്ടികള്‍ക്കായി 42.5 ലക്ഷം മീറ്റര്‍ തുണിയാണ് ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യുക. 2023-24 അധ്യയന വര്‍ഷത്തില്‍ പദ്ധതിയ്ക്കായി 140 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയത്.

പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്‌കൂള്‍ കുട്ടികള്‍ക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമായാണ് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി നടപ്പിലാക്കിയത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളില്‍ ഹാന്റക്‌സും, തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള ജില്ലകളില്‍ ഹാന്‍വീവുമാണ് യൂണിഫോം തുണി വിതരണം ചെയ്യുന്നത്. നിലവില്‍ 6200 നെയ്ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നു. സൗജന്യ യൂണിഫോം പദ്ധതിയ്ക്കായി ആരംഭഘട്ടം മുതല്‍ ഇതുവരെ 469 കോടി രൂപയാണ് അനുവദിച്ച് നല്‍കിയിട്ടുളളത്. ഇതില്‍ നിന്നും 284 കോടി രൂപ നെയ്ത്തുകാര്‍ക്ക് കൂലിയിനത്തില്‍ വിതരണം ചെയ്യുന്നതിനും സാധിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-25 16:46:50

ലേഖനം നമ്പർ: 996

sitelisthead