ദീൻ ദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം(എൻ.യു.എൽ.എം)മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2021- 22ലെ സ്‌പാർക്ക് റാങ്കിംഗിൽ കേരളം രണ്ടാം സ്ഥാനം നേടി. തുടർച്ചയായി അഞ്ചാം തവണയാണ് സ്‌പാർക്ക് അവാർഡ് കേരളത്തിന് ലഭിക്കുന്നത്. 15 കോടി രൂപയാണ് അവാർഡ് തുക. കുടുംബശ്രീയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
രാജ്യത്ത് 29സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രസഭരണ പ്രദേശങ്ങളിലെയും നഗരമേഖലയിൽ എൻ.യു.എൽ.എം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിൽ ആന്ധ്രാപ്രദേശാണ് ഒന്നാമത്. പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള പൊതു മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളും പുരോഗതിയുമാണ് പുരസ്‌ക്കാരത്തിനായി പരിഗണിച്ചത്.
അയല്‍ക്കൂട്ട രൂപീകരണം, സ്വയംതൊഴിലിലും വേതനാധിഷ്ഠിത തൊഴിലിലും നല്‍കുന്ന പരിശീലനം, തൊഴില്‍ ലഭ്യമാക്കല്‍, സമയബന്ധിതമായ ഫണ്ട് വിനിയോഗം, ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍, ഓഡിറ്റ് പൂര്‍ത്തീകരണം, പദ്ധതി പ്രകാരം വിതരണം ചെയ്ത റിവോള്‍വിങ്ങ് ഫണ്ട്, ലിങ്കേജ് വായ്പ, സ്വയംതൊഴില്‍ വായ്പ തുടങ്ങി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളും അവ സംബന്ധിച്ച പുരോഗതിയും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി (എം.ഐ.എസ്) ശേഖരിക്കും. ഇതു പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കുന്നത്. കുടുംബശ്രീ വഴി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ മികവില്‍ കഴിഞ്ഞ വര്‍ഷം കേരളം സ്പാര്‍ക്ക് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു.
സംസ്ഥാനത്ത് കുടുംബശ്രീ മുഖേന 93 നഗരസഭകളിലും 2015 മുതൽ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 24,893 അയൽക്കൂട്ടങ്ങൾ രൂപീകരിക്കുകയും 24,860 പേർക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കുകയും ചെയ്തു. ഇതിൽ 21,576 പേർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കി. 13,736 പേർക്ക് തൊഴിൽ നൽകി. ഉപജീവന മേഖലയിൽ 5,704 വ്യക്തിഗത സംരംഭങ്ങളും 1,187 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-25 16:45:25
ലേഖനം നമ്പർ: 995