യൂണിയൻ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി.ബി.റിപ്പോർട്ട് പ്രകാരം ക്ഷയരോഗ കേസുകൾ കഴിഞ്ഞ വർഷം ഏറ്റവും കുറവു റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. ലക്ഷം പേരിൽ 67 എന്ന നിരക്കിലാണ് കേരളത്തിൽ ക്ഷയരോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ ഡൽഹിയിലാണ് - ലക്ഷം പേരിൽ 546. രാജ്യത്തെ ശരാശരി നിരക്ക് ലക്ഷം പേരിൽ 176.2 ആണ്. 

ഇന്ത്യയിൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്യേണ്ട രോഗമായി (നോട്ടിഫൈബിൾ) പ്രഖ്യാപിച്ചത് 2012ൽ ആണ്. 2021ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തു ക്ഷയരോഗം 13% കൂടി. ഇതിൽ 95.5% പേർക്കും ചികിത്സ ലഭ്യമായി. 2022ൽ 23,388 കേസുകളാണു കേരളത്തിൽ സ്ഥിരീകരിച്ചത്. കേരളത്തിൽ 895 കുട്ടികൾക്കും ആദിവാസി മേഖലയിൽ 491 പേർക്കും ക്ഷയരോഗം കണ്ടെത്തി. രാജ്യത്താകെ 1,35,734 കുട്ടികൾക്കും 2,09,111 ആദിവാസികൾക്കുമാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.

ക്ഷയരോഗ നിർമാർജനം ലക്ഷ്യമിട്ട് ഇടുക്കി ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘നാലുമണി പൂക്കൾ’ പദ്ധതി ക്ഷയരോഗ നിർമാർജനത്തിനുള്ള മാതൃക പദ്ധതികളുടെ പട്ടികയിൽ ഇടം നേടി. ക്ഷയരോഗം മാറാരോഗം അല്ല, ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമാണെന്ന സന്ദേശം കുടുംബശ്രീ അംഗങ്ങളിലൂടെ ഓരോ കുടുംബത്തിലും എത്തിക്കുന്ന പദ്ധതിയാണ് നാലുമണി പൂക്കൾ. 

ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾക്കുള്ള വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള റാങ്കിംഗിൽ കേരളത്തിന് 5-ാം സ്ഥാനമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-28 12:42:51

ലേഖനം നമ്പർ: 1000

sitelisthead