വിദ്യാസമ്പന്നരായ തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി തൊഴിൽ വകുപ്പിന്റെ നേതൃത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേളകൾ വഴി ഇതുവരെ തൊഴിൽ ലഭ്യമായത്  96,792 പേർക്ക്.  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെയാണ്  പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽദാതാക്കളെയും ഉദ്യോഗാർത്ഥികളെയും ഒരേവേദിയിൽ കൊണ്ടുവന്ന് പരമാവധി തൊഴിൽ നേടിയെടുക്കാൻ സഹായിക്കുകയാണ് തൊഴിൽ മേളകളുടെ ലക്ഷ്യം.

തൊഴിൽ മേളകൾ വിജയകരമായതോടെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഏജൻസിയായി തൊഴിൽ വകുപ്പ് മാറി. 2016 മുതൽ 75,116 പേർക്ക് സർക്കാർ, അർദ്ധസർക്കാർ മേഖലകളിൽ തൊഴിൽ നൽകാൻ കഴിഞ്ഞു. 15,436 പേർക്ക് സ്ഥിരം നിയമനവും 59,680 പേർക്ക് താൽക്കാലിക നിയമനവും ലഭിച്ചു.  അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ആവശ്യമായ നൈപുണ്യപരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെ 11 എംപ്ലോയബിലിറ്റി സെന്ററുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസവും അനുയോജ്യമായ തൊഴിലും നേടിയെടുക്കുവാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരിയർ ഡെവലപ്പ്‌മെന്റ് സെന്ററുകളിൽ നടത്തിയ 41 പ്ലേസ്‌മെന്റ് ഡ്രൈവുകൾ വഴി 1106 പേർക്ക് തൊഴിൽ ലഭിച്ചു. 

ഇടനിലക്കാരില്ലാതെ സൗജന്യമായി സംഘടിപ്പിക്കുന്ന തൊഴിൽ മേളകൾ വഴി തൊഴിൽദാതാക്കൾക്ക് അനുയോജ്യരായവരെ നേരിട്ട് തിരഞ്ഞെടുക്കുന്നതിനും ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം തൊഴിൽദായകർ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുത്ത് അർഹമായ തൊഴിൽ നേടുന്നതിനും അവസരം ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-27 17:29:54

ലേഖനം നമ്പർ: 999

sitelisthead