കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ-അഴീക്കൽ പാലത്തിന് ഒരു വയസ്. ആലപ്പുഴയിലെ വലിയഴീക്കലിൽനിന്ന് കൊല്ലം അഴീക്കലേക്കുള്ള യാത്രയിൽ 28 കിലോമീറ്റർ ദൂരമാണ് പാലം യാഥാർഥ്യമായതോടെ കുറഞ്ഞത്. ഇരു ജില്ലകളിലെയും മത്സ്യബന്ധനമേഖലക്കും വിനോദസഞ്ചാരമേഖലക്കും വൻ കുതിപ്പാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിലുണ്ടായത്.
സ്റ്റേറ്റ് ഫ്ലാഗ്ഷിപ്പ് പ്രോജക്ടിൽ ഉൾപ്പെടുത്തി 146.5 കോടി രൂപ ചെലവഴിച്ചു നിർമിച്ച പാലത്തിന് അപ്രോച്ച് റോഡ് ഉൾപ്പെടെ 1,260 മീറ്ററാണ് നീളം. 976 മീറ്റർ പാലവും നടപ്പാത ഉൾപ്പടെ 13 മീറ്റർ വീതിയും ഉണ്ട്. 29 സ്പാനുകളുള്ള പാലത്തിന്റെ മധ്യഭാഗത്തെ 3 ബോ സ്ട്രിങ് ആർച്ചുകളാണ്. പ്രധാന ആകർഷണം, വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ ആയാസരഹിതമായി കടന്നുപോകാവുന്ന തരത്തിലാണു നിർമാണം. ഉദയാസ്തമയം വീക്ഷിക്കാനുള്ള സൗകര്യം പാലത്തിനുമുകളിലുണ്ട്. മുകൾഭാഗത്ത് ഇതിനായി 19 മീറ്റർ വീതിയുണ്ട്. അവിടെനിന്നാൽ അസ്തമയം കാണാം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ് ആർച്ച് പാലവും നീളത്തിൽ ഏഷ്യയിൽ 2-ാം സ്ഥാനവും ഈ പാലത്തിനാണ്.
കടലിന് അഭിമുഖമായുള്ള ന്യൂയോർക്ക് സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിങ് മാതൃകയാക്കിയാണു വലിയഴീക്കൽ പാലത്തിനും നിറം നൽകിയത്. ഇന്റർനാഷനൽ ഓറഞ്ച് നിറത്തിനു പുറമേ ക്രീം കളറും പാലത്തിലുപയോഗിച്ചിരിക്കുന്നു. പാലത്തിൽ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റുകളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-04 13:21:05
ലേഖനം നമ്പർ: 971