നിക്ഷേപ സൗഹൃദ കേരളം എന്ന ആശയം പ്രാവർത്തികമാക്കുന്നതിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപറേഷൻ നേടിയത് ചരിത്ര നേട്ടം. 1993 ൽ സ്ഥാപിതമായതു മുതൽ 3 പതിറ്റാണ്ടു കാലത്തെ റെക്കോർഡ് നിക്ഷേപമാണ് ഈ കാലയളവിൽ കിൻഫ്രയിലേക്കെത്തിയത്. 2011-16 കാലത്ത് ₹ 786.8 കോടിയുടെ നിക്ഷേപം ഉണ്ടായിരുന്നിടത്ത് നിന്ന് 2016-21 കാലഘട്ടത്തിൽ ₹ 1511 കോടിയുടെ നിക്ഷേപമെന്ന നിലയിലേക്ക് കിൻഫ്ര വളർന്നിരുന്നു. ആനുപാതികമായ വളർച്ചയിൽ നിന്ന് കഴിഞ്ഞ 2 വർഷം കൊണ്ട് റെക്കോർഡ് വളർച്ചയിലേക്ക് കുതിക്കുകയാണ് കിൻഫ്ര. ₹ 1,862.66 കോടിയുടെ സ്വകാര്യനിക്ഷേപമാണ് ഈ കാലയളവിൽ കിൻഫ്ര നേടിയെടുത്തത്. ഇതിലൂടെ 24,003 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു. 3 ലക്ഷം ചതുരശ്ര അടിയിലധികം സ്ഥലമാണ് സംരഭങ്ങൾക്കായി കിൻഫ്ര അനുവദിച്ചത്. 

ടാറ്റ എലക്സി, അഗാപ്പെ, ഹൈക്കോൺ, വിൻവിഷ് ടെക്നോളജീസ്, ട്രാൻസ് ഏഷ്യൻ ഷിപ്പിങ്ങ് കമ്പനി, വി ഗാർഡ് തുടങ്ങി പ്രമുഖ കമ്പനികളുടെ നിക്ഷേപം കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിലേക്ക് എത്തിയിട്ടുണ്ട്. കിൻഫ്രയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴികൂടി പൂർത്തിയാകുമ്പോൾ നിക്ഷേപത്തിൽ വൻകുതിപ്പുണ്ടാകും. നിലവിൽ 85 ശതമാനത്തോളം സ്ഥലവും ഏറ്റെടുത്തു. 13,000 കോടിയുടെ നിക്ഷേപവും 32,000 പേർക്ക്‌ നേരിട്ടും ഒരു ലക്ഷം പേർക്ക്‌ പരോക്ഷമായും തൊഴിലും ലഭിക്കുന്ന പദ്ധതിയാണിത്.

കൊച്ചി അമ്പലമുകളിൽ 481 ഏക്കറിൽ 1200 കോടി മുടക്കിൽ കിൻഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്. 11,000 തൊഴിലവസരങ്ങളും 10,000 കോടിയുടെ നിക്ഷേപവും ആണ് ഈ പദ്ധതികളിൽ നിന്നും പ്രതീക്ഷിക്കുന്നത്. 2024 ഒക്ടോബറിൽ പാർക്ക് പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വ്യവസായ വളർച്ചയെ മികവിന്റെ പാതയിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന കിൻഫ്ര പ്രകൃതിയോട് ഇണങ്ങി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി തുടക്കം മുതൽ ശ്രദ്ധ നൽകി, പരിസ്ഥതിയ്ക്ക് ആഘാതം ഏൽപ്പിക്കാതിരിക്കുക എന്ന ആശയത്തിലാണ് പ്രവർത്തിക്കുന്നത്. 

വ്യവസായ നിക്ഷേപം  സുഗമമാക്കുന്നതിനായി ധാരാളം നൂതന പദ്ധതികൾക്ക് കിൻഫ്ര രൂപം കൊടുത്തിട്ടുണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി സംരംഭകർക്ക് വ്യവസായം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുകയും സുതാര്യമാക്കുകയും ചെയ്യുന്നത്തിനുള്ള സിംഗിൾ വിൻഡോ ക്ലീയറൻസ് സംവിധാനം എല്ലാ കിൻഫ്ര പാർക്കുകളും ആവിഷ്‌കരിച്ചിട്ടുണ്ട്. സമയബന്ധിതമായ നടപടി ക്രമങ്ങൾ, ഗതാഗതം, വൈദ്യുതി, ജലം, വാർത്താവിനിമയം തുടങ്ങി മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരഭകർക്കിടയിൽ കിൻഫ്ര പാർക്കുകളുടെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് : kinfra.org

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-20 15:56:01

ലേഖനം നമ്പർ: 989

sitelisthead