ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി നാഷണൽ ട്രസ്റ്റ് ആക്ടിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ലീഗൽ ഗാർഡിയൻഷിപ് പൂർണമായി വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി വേലൂർ. നാഷനൽ ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 18 വയസ് പൂർത്തിയായവർക്ക് വിവിധ ആനുകൂല്യം ലഭ്യമാകുന്നതിനും നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനുമാണ് ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ് നൽകുന്നത്. അർഹതയുള്ള മുഴുവൻ പേർക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലൂടെ തൃശൂരിനെ സമ്പൂർണ ഭിന്നശേഷി ഗാർഡിയൻഷിപ് ജില്ലയാക്കി മാറ്റുകയെന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയുടെ ആദ്യപടിയായാണ് വേലൂർ പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കിയത്.
സാധാരണ നിലയിൽ 18 വയസ് വരെ മാതാപിതാക്കളായിരിക്കും കുട്ടികളുടെ നിയമപരമായ രക്ഷിതാക്കൾ. നാഷണൽ ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽവരുന്ന ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് 18 വയസ്സ് കഴിഞ്ഞാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് നിയമപരമായ രക്ഷകർതൃത്വം ഉറപ്പുവരുത്തുകയാണ് സർട്ടിഫിക്കറ്റിന്റെ ലക്ഷ്യം. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ലോക്കൽ ലെവൽ കമ്മിറ്റികൾ ചേർന്നാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-14 11:58:35
ലേഖനം നമ്പർ: 984