ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 80 ലക്ഷത്തോളം പേരെ വീട്ടിലെത്തി രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. ഇതുവരെ ആകെ 79,41,962 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 19.97 ശതമാനം പേര്‍ (15,86,661) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. 11.02 ശതമാനം പേര്‍ക്ക് (8,75,236) രക്താതിമര്‍ദ്ദവും, 8.88 ശതമാനം പേര്‍ക്ക് (7,05,475) പ്രമേഹവും, 3.88 ശതമാനം പേര്‍ക്ക് (3,08,825) ഇവ രണ്ടും സംശയിക്കുന്നുണ്ട്. കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജിയുടെ ഭാഗമായി കാന്‍സര്‍ സ്‌ക്രീനിംഗിനായി കാന്‍സര്‍ സ്‌ക്രീനിംഗ് ഡാഷ്‌ബോര്‍ഡ് വികസിപ്പിച്ചു. ഇതിലൂടെ 6.49 ശതമാനം പേര്‍ക്ക് (5,15,938) കാന്‍സര്‍ സംശയിച്ച് റഫര്‍ ചെയ്തിട്ടുണ്ട്. 0.32 ശതമാനം പേര്‍ക്ക് വദനാര്‍ബുദവും, 5.53 ശതമാനം പേര്‍ക്ക് സ്തനാര്‍ബുദവും, 0.79 ശതമാനം പേര്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ സംശയിച്ചും റഫര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നു. 

 ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് കാമ്പയിന്‍ ആരംഭിച്ചത്.ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് 30 വയസിന് മുകളിലുള്ളവരെ സ്‌ക്രീനിംഗ് നടത്തുന്നത്.  നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-22 10:42:01

ലേഖനം നമ്പർ: 955

sitelisthead