ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2021 ഓഗസ്റ്റിൽ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനു (കെ.എസ്.ഐ.ഡി.സി.) കീഴിൽ ആരംഭിച്ച കേന്ദ്രീകൃത പരിശോധന സംവിധാനം കെ-സിസ് ഇതിനോടകം സംസ്ഥാനതലത്തിൽ 10,705 പരിശോധനകൾ നടത്തി. അനാവശ്യ പരിശോധനകൾ വഴി സംരംഭകർക്ക് ബുദ്ധിമുട്ടുണ്ടാകാൻ പാടില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രീകൃത പരിശോധന സംവിധാനം പ്രവർത്തനമാരംഭിച്ചത്.
5,02,071 സ്ഥാപനങ്ങളാണ് ഇതുവരെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംരംഭം പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധന എന്നിവയെല്ലാം ഇപ്പോൾ കെ-സിസ്ന് കീഴിലാണ്. പരിശോധനയുടെ ഷെഡ്യൂളും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെയും പോർട്ടൽ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഒരു സ്ഥാപനത്തിൽ ഒരേ ഇൻസ്‌പെക്ടർ തുടർച്ചയായി 2 പരിശോധനകൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തും. സ്ഥാപനത്തിന് മുൻകൂട്ടി എസ്.എം.എസ്. അല്ലെങ്കിൽ ഇമെയിൽ മുഖേന അറിയിപ്പ് നൽകിയാണ് കെ-സിസ് വഴിയുള്ള പരിശോധന. പരിശോധനക്ക് ശേഷം റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ പോർട്ടലിൽ പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്ക് സംരംഭത്തെക്കുറിച്ച് പരാതികൾ അറിയിക്കുന്നതിനുളള സൗകര്യവും പോർട്ടലിലുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകൾ ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ അനുമതിയോടെയാണ് നടത്തുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ്, തൊഴിൽ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് വകുപ്പുകളെ സംയോജിപ്പിച്ചാണ് കെ-സിസ് പ്രവർത്തിക്കുന്നത്. ഫയർ & റസ്‌ക്യൂ, ഗ്രൗണ്ട് വാട്ടർ അതോറിറ്റി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് തുടങ്ങി കൂടുതൽ വകുപ്പുകളെയും പോർട്ടലിൽ ഉൾപ്പെടുത്തും.
ഡിപ്പാർട്ട്‌മെന്റ് ലോഗിൻ, എന്റർപ്രൈസ് ലോഗിൻ, ജനറൽ പബ്ലിക് ലോഗിൻ എന്നീ ലോഗിനുകളാണ് പോർട്ടലിൽ ഉള്ളത്. kcis.kerala.gov.in സന്ദർശിച്ച് സംരംഭകർക്കും പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ലോഗിൻ ചെയ്യാം. പൂർണമായും ഓൺലൈനായാണ് നടപടിക്രമങ്ങൾ എന്നതിനാൽ പക്ഷപാതപരമായ പരിശോധനകളോ നടപടികളോ ഉണ്ടാകുന്നില്ല.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-26 11:03:50
ലേഖനം നമ്പർ: 962