സാമ്പത്തിക വളര്‍ച്ചയില്‍ കേരളം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) ശക്തമായ തിരിച്ചുവരവ് നടത്തിയതായി ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ആഭ്യന്തര ഉത്പാദനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 12.01% വളര്‍ച്ചയുണ്ടായി. 2012-13 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്.
കോവിഡിന് ശേഷം സംസ്ഥാനം സ്വീകരിച്ച ഉത്തേജക പദ്ധതികള്‍ വളര്‍ച്ചക്ക് സഹായകമായി. 20,000 കോടിയുടെ സാമ്പത്തിക പാക്കേജുകളും വ്യവസായത്തിനായുള്ള 5650 കോടിയുടെ പാക്കേജും വളർച്ചക്ക് സഹായകമായി. കൃഷിയും അനുബന്ധപ്രവൃത്തികളും വ്യവസായവും വളര്‍ച്ച രേഖപ്പെടുത്തി. 17.3 ശതമാനമാണ് വ്യവസായ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഈ മേഖലകളില്‍ വളര്‍ച്ച നെഗറ്റീവായിരുന്നു. 12.86 % വർധനവ് റവന്യൂ വരുമാനത്തില്‍ രേഖപ്പെടുത്തി.
ധനകമ്മി 3.91 ആയി കുറഞ്ഞു. ധനകമ്മിയും മൊത്ത ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം 4.11 ശതമാനമായി കുറഞ്ഞു. റവന്യൂ കമ്മിയും മൊത്ത ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.29 ശതമാനം കുറഞ്ഞു.
പ്രതിശീർഷ മൊത്ത ആഭ്യന്തര ഉത്പന്നത്തിലും വർധനയുണ്ടായി. 2021–22ൽ ഇത് 1,62,992 രൂപയാണ്. ദേശീയ തലത്തിലെ ശരാശരി ആളോഹരി വരുമാനത്തെക്കാൾ കൂടുതലാണ് കേരളത്തിലെ ഒരാളുടെ ശരാശരി വവരുമാനം.
മുൻവർഷത്തെ ബജറ്റിലെ കണക്കുകളനുസരിച്ച് തനതു നികുതി വരുമാനവും നികുതിയേതര വരുമാനവും വർധിച്ച് സംസ്ഥാനത്തിന്റെ മൊത്തവരുമാനം 19.94 ശതമാനം വർധിക്കുമെന്ന് സർവേയിൽ പറയുന്നു. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ സംയുക്ത വാർഷിക വളർച്ച 11.40 ശതമാനം ആണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-04 13:54:10
ലേഖനം നമ്പർ: 936