മണ്ണിന്റെയും ജലത്തിന്റെയും സ്വാഭാവികത വീണ്ടെടുത്ത് പരിസ്ഥിതി സൗഹൃദപരമായ ഒരു നവകേരളം നിർമിക്കുകയെന്ന ഉദ്ദേശത്തോടെ സ്ഥാപിതമായ ഹരിത കേരളം മിഷൻ കുറഞ്ഞ നാളുകൾക്കുള്ളിൽ ഒട്ടേറെ നിർണായക മുന്നേറ്റങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ  ഭാഗമായി   കഴിഞ്ഞ 5 വർഷത്തിനിടെ 45,736 കിലോമീറ്റർ തോടുകളെയും, 253 കിലോമീറ്റർ നദികളെയും  പുനരുജ്ജീവിപ്പിച്ചു.  റീചാർജ്  ചെയ്ത് 4,486 കിണറുകൾ ,166 സ്കൂളുകളിൽ ഗുണനിലവാര  പരിശോധനക്ക് ലാബുകൾ സ്ഥാപിച്ചു.

നിരവധി കാമ്പയിനിലൂടെയും വിവിധ പദ്ധതികളിലൂടെയും പാരിസ്ഥിതിക സന്തുലന  പ്രവർത്തനങ്ങളിലൂടെ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്  മിഷൻ. സംസ്ഥാനത്തുടനീളം നദികളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തുകയും അതിലൂടെ നിരവധി നദികളുടെ സ്വതന്ത്രമായ ഒഴുക്കും സജീവതയും പുനഃസ്ഥാപിക്കുന്നതിനും മിഷന്റെ പ്രവർത്തനങ്ങൾ വഴി സാധിച്ചു. കിണറുകളുടെയും കുളങ്ങളുടെയും നവീകരണവും റീചാർജിംഗും മികച്ച ഫലങ്ങൾ നൽകുകയുണ്ടായി. പൊതുവായി ജലസംരക്ഷണ പരിപാടികൾ കാർഷിക മേഖലയെയും പരിപോഷിപ്പിച്ചിട്ടുണ്ട്. ജലനിരപ്പ് സ്‌കെയിലുകൾ സ്ഥാപിച്ച് ജലാശയങ്ങളിലെ ജലലഭ്യത നിരീക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ഡിജിറ്റൽ ഭൂപടത്തിൽ ജലസ്രോതസ്സുകൾ അടയാളപ്പെടുത്തുന്നതിനുള്ള മാപ്പത്തോൺ, കുടിവെള്ളത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ജലഗുണനിലവാര പരിശോധന ലാബുകൾ സ്ഥാപിക്കൽ തുടങ്ങിയവ ഈ മേഖലയിലെ മിഷന്റെ പ്രധാന പ്രവർത്തനങ്ങളാണ്. 

ഇനി ഞാൻ ഒഴുകട്ടെ 

കാമ്പയിന്റെ ഭാഗമായി തോടുകളുടെ പുനരുജ്ജീവനം സാധ്യമാക്കി. കഴിഞ്ഞ 5 വർഷത്തിനിടെ 45,736 കിലോമീറ്റർ തോടുകൾ പുനരുജ്ജീവിപ്പിച്ചു. ഇതിന് പുറമെ കാമ്പയിന്റെ 2-ാം ഘട്ടത്തിൽ 10,253 കിലോമീറ്റർ നദികളെ പുനരുജ്ജീവിപ്പിച്ചു. പശ്ചിമഘട്ട മേഖലയിലെ നീർച്ചാലുകൾ വീണ്ടെടുക്കാൻ നീർച്ചാൽ മാപ്പിംഗ് നിലവിൽ നടന്നു വരികയാണ്. പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ, പരീക്ഷണാടിസ്ഥാനത്തിൽ 10 ജില്ലകളിലെ ഓരോ ഗ്രാമപഞ്ചായത്തിൽ വീതം സ്ട്രീംസ് മാപ്പത്തോൺ പൂർത്തിയാക്കുകയുണ്ടായി. ഇതുകൂടാതെ, 11,914 കിലോമീറ്റർ തോടുകളും 923  കുളങ്ങളും പുനരുജ്ജീവിപ്പിക്കുകയും, 1,839 പുതിയ കുളങ്ങൾ നിർമിക്കുകയും, 4,486 കിണറുകൾ റീചാർജ് ചെയ്യുകയും, 7,582 പുതിയ കിണറുകൾ നിർമിക്കുകയുമുണ്ടായി.

ശുദ്ധമായ കുടിവെള്ളം

ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തേയും ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ കെമിസ്ട്രി ലാബുമായി ചേർന്ന് പ്രദേശവാസികൾക്ക് കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത്തരത്തിൽ 254 ലാബുകൾ ആരിരംഭിക്കും. 166 സ്കൂളുകളിൽ ലാബുകൾ പൂർത്തീകരിച്ചു. ഇതുകൂടാതെ, റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കീഴിൽ 313 ലബോറട്ടറികൾ സ്ഥാപിക്കുന്നതിനുളള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് .

ജലസംരക്ഷണത്തിനായി പാറമടകൾ റീചാർജ് ചെയ്യുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ കരീപ്ര ഗ്രാമപഞ്ചായത്തിലെ 2 ക്വാറികളിൽ പദ്ധതി
ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി മറ്റിടങ്ങളിലും വ്യാപിപ്പിക്കും.

ജലലഭ്യത നിർണയ സ്കെയിൽ തൃശൂർ ജില്ലയിലെ 3 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 4 കുളങ്ങളിൽ സ്ഥാപിച്ചു.

തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ ഗ്രാമപഞ്ചായത്തിലെ പ്രധാന തോടുകൾ വൃത്തിയാക്കുന്നതിന് ലക്ഷ്യമിട്ടുളള ‘പുഴ ഒഴുകും മാണിക്കൽ പദ്ധതി’യുടെ  50 % പ്രവർത്തികളും പൂർത്തീകരിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നീർത്തട പ്രദേശങ്ങളിലെ മണ്ണ്-ജല സംരക്ഷണം ലക്ഷ്യമിട്ടുള്ള നീരുറവ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ ചുള്ളാളത്ത് ഈ പദ്ധതി അന്തിമഘട്ടത്തിലാണ്. പദ്ധതി സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ജലാഞ്ജലി-നീരുറവ പദ്ധതി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ അന്തിമഘട്ടത്തിലാണ്.

കനാൽ പുനരുജ്ജീവനവും അനുബന്ധ ടൂറിസം വികസനവും ലക്ഷ്യം വെക്കുന്ന പദ്ധതിയായ പൊഴിയൂർ എവിഎം കനാലിന്റെ പുനരുജ്ജീവനം
 പദ്ധതിക്ക് തുടക്കമായി. ഈ 3 ഉപദൗത്യങ്ങൾക്കു കീഴിലുള്ള വൈവിധ്യവും നൂതനവുമായ പദ്ധതികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും കൃഷി, അനുബന്ധ മേഖലകൾ, ശുചിത്വം, മാലിന്യസംസ്ക്കരണം, ജലസംരക്ഷണം എന്നിവയിൽ ഗുണപരവും സുസ്ഥിരവുമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹരിതകേരളം മിഷന് കഴിഞ്ഞിട്ടുണ്ട്.

വ്യത്യസ്തങ്ങളായ പദ്ധതികളിലൂടെ പൊതുജനപങ്കാളിത്തത്തോടെയാണ് മിഷന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്. മിഷന്റെ പ്രവർത്തനമാരംഭിച്ചു നാളിതുവരെയുള്ള പ്രവർത്തങ്ങൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. കുടിവെള്ള ക്ഷാമം നേരിട്ട പ്രദേശങ്ങളിലുൾപ്പടെ മിഷന്റെ പ്രവർത്തനങ്ങൾ വഴി കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചട്ടുണ്ട്. കൃഷിയിടങ്ങളിൽ വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, നദികളിൽ നിന്ന് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തങ്ങൾ തുടങ്ങി ഹരിതാഭമായ കേരളത്തെ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളാണ് മിഷൻ നടപ്പിലാക്കി വരുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-27 11:30:54

ലേഖനം നമ്പർ: 951

sitelisthead