കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും, കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് ഒരു സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും, കേരളത്തിലെ ആഭ്യന്തരവിപണിയുടെ 50 % ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനുള്ള സർക്കാർ പദ്ധതിയായ  കേരള ചിക്കൻ 313 ബ്രോയ്ലർ ഫാമുകളും, 105 ഔട്ട്ലെറ്റുകളുമായി  ഹിറ്റായി തുടരുന്നു.   2017 നവംബർ മാസത്തിൽ ആരംഭിച്ച പദ്ധതി കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ(കെപ്കോ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഉത്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്.

കർഷകർക്ക് ഇന്റഗ്രേഷൻ ഫീസ് (വളർത്തുകൂലി) നൽകുന്ന രീതിയിലാണ് പ്രവർത്തനം. ഇന്റഗ്രേഷൻ അഥവ കോൺട്രാക്ട് ഫാമിംഗ് എന്നത് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് നൽകി, വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കേരളചിക്കൻ ഔട്ട്ലെറ്റുകൾ വഴി വിപണനം നടത്തുന്നു. നിലവിൽ പദ്ധതിയുടെ ഭാഗമായി 313 ബ്രോയ്ലർ ഫാമുകളും, 105 ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

പദ്ധതി തുടങ്ങി ഇതുവരെ 14.75 കോടി രൂപ കർഷകർക്കും, 19.21 കോടി രൂപ ഔട്ട്ലെറ്റ് ഗുണഭോക്താക്കൾക്കും ലഭിച്ചിട്ടുണ്ട് . ഇതിലൂടെ 420 ഓളം കുടുംബങ്ങൾക്ക് പദ്ധതി വഴി സ്ഥിരവരുമാനം ലഭ്യമാകുന്നു. ഔട്ട്ലെറ്റുകൾ വഴി ശരാശരി 87,000 രൂപ ഗുണഭോക്താക്കൾക്ക് മാസവരുമാനമായും, ഫാം ഇന്റഗ്രേഷൻ വഴി 2 മാസത്തിലൊരിക്കൽ ശരാശരി 50,000 രൂപ കർഷകർക്കും ലഭ്യമാകുന്നുണ്ട്. 

കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ആകെ വിറ്റ് വരവ് ഇതുവരെ 152 കോടി രൂപയാണ്. കേരള ചിക്കൻ ഔട്ട്ലെറ്റുകളിൽ നിന്നും ഇറച്ചി വാങ്ങുന്ന ഉപഭോക്താവിന് ഏത് ഫാമിൽ ഉത്പാദിപ്പിച്ച കോഴിയാണന്നു മനസിലാക്കാൻ കഴിയുന്ന മാർക്കറ്റിംഗ് രീതിയാണ് അവലംബിച്ചട്ടുള്ളത്. മാർക്കറ്റ് വിലയേക്കാൾ കുറച്ചാണ് ഉപഭോക്താക്കൾക്ക് ഇറച്ചി ലഭ്യമാക്കുന്നത്. ദിവസം ശരാശരി 24,000 കിലോ ഇറച്ചിയുടെ വിപണനം ഔട്ട്ലെറ്റുകൾ വഴി നടക്കുന്നു. 

നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം ,എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതി ഈ സാമ്പത്തിക വർഷം ആലപ്പുഴ ജില്ലയിലും നടപ്പിലാക്കും. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് വ്യക്തിഗതമായും, 4 പേർ അടങ്ങുന്ന ഗ്രൂപ്പ് സംരംഭമായും ഫാം, ഔട്ട്ലെറ്റുകൾ  ആരംഭിക്കാവുന്നതാണ്. പദ്ധതിയുടെ ഭാഗമാകുവാൻ താത്പര്യമുള്ളവർക്ക് അവരവരുടെ സി.ഡി. എസി.ലും, കുടുംബശ്രീ ജില്ലാമിഷനിലും ബന്ധപ്പെടാം. വിവരങ്ങൾക്ക് keralachicken.org.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-14 18:10:38

ലേഖനം നമ്പർ: 950

sitelisthead