പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിത മുന്നേറ്റത്തിന് ആവശ്യമായ ആധികാരിക രേഖകള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ഡിജിറ്റല്‍ ലോക്കറില്‍ ലഭ്യമാക്കുന്ന പദ്ധതിയായ അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി.) വഴി മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും 6 ആധികാരിക രേഖകള്‍ ഉറപ്പാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട്. തദ്ദേശസ്വയംഭരണ സ്ഥാപനം, പട്ടികവര്‍ഗ വികസന വകുപ്പ്, പൊതുവിതരണ വകുപ്പ്, ലീഡ് ബാങ്ക്, IT മിഷൻ, അക്ഷയ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി. ക്യാമ്പ് നടപ്പിലാക്കിയത്. പലപ്പോഴും ആവശ്യമായ രേഖകൾ കൈവശം ഇല്ലാത്തതിനാല്‍ അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ആദിവാസി സമൂഹത്തിന് ലഭിക്കാതെ പോകുന്നുണ്ട്. രേഖ കൈവശമുളളവര്‍ അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും പ്രയാസപ്പെടുന്നു. ഈ പ്രശ്‌നം മനസിലാക്കി ക്രിയാത്മകമായി പരിഹരിക്കുന്നതിനുളള ജില്ല ഭരണകൂടത്തിന്റെ ശ്രമമാണ് എ.ബി.സി.ഡി..
23 ഗ്രാമപഞ്ചായത്തുകളിലും 3 നഗരസഭകളിലും നടത്തിയ എ.ബി.സി.ഡി. വഴി 15,796 റേഷന്‍കാര്‍ഡ്, 31,252 ആധാര്‍കാര്‍ഡ്, 22,482 ഇലക്ഷന്‍ ഐ.ഡി. കാര്‍ഡ്, 11,300 ജനന സര്‍ട്ടിഫിക്കറ്റ്, 7,258 ബാങ്ക് അക്കൗണ്ട്, 2,337 ആരോഗ്യ ഇന്‍ഷുറന്‍സ്, 1,379 പെൻഷൻ, 12,797 ഇ- ഡിസ്ട്രിക്റ്റ് സേവനം എന്നീ രേഖകൾ 64,670 ഗുണഭോക്താക്കൾക്ക് 26 ക്യാമ്പുകളിലൂടെ ലഭ്യമാക്കി. രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ 22,888 ഡിജിലോക്കർ സംവിധാനവും ലഭ്യമാക്കി. ആകെ സേവനങ്ങളില്‍ 11,175 പേര്‍ക്കായി 17,385 സേവനങ്ങള്‍ നല്‍കിയത് അക്ഷയയുടെ ഗോത്രസൗഹൃദ കൗണ്ടറുകള്‍ വഴിയാണ്.
2021 നവംബറില്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ എ.ബി.സി.ഡി. ക്യാമ്പയിന്റെ അവസാന ക്യാമ്പ് 2023 ജനുവരി 18-ന് തരിയോട് ഗ്രാമപഞ്ചായത്തിലായിരുന്നു. 2022 ഒക്ടോബര്‍ 16-ന് തൊണ്ടര്‍നാടിനെ, മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ നല്‍കി ഡിജിറ്റലൈസ് ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്തായി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-23 16:33:46
ലേഖനം നമ്പർ: 917