ഉൾനാടൻ മേഖലയിലേക്ക് ടൂർ പാക്കേജുകൾ ഒരുക്കി സംസ്ഥാന സഹകരണ ടൂറിസം ഫെ‍ഡറേഷന് 2.97 കോടിയുടെ നേട്ടം. കുറഞ്ഞ ചിലവിൽ എല്ലാവർക്കും നാടുകാണാനുള്ള അവസരമാണ് തങ്ങളുടെ ആഭ്യന്തര പാക്കേജുകളിലൂടെ ടൂർ ഫെഡ് ഒരുക്കുന്നത്. ടൂറിസം മേഖലയിൽ  ഉത്തരവാദിത്വത്തോടെ പദ്ധതികൾ  നടപ്പാക്കി വരുന്ന ടൂർ ഫെഡ് കേരളത്തിന്റെ പുതിയ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി പുതിയ പദ്ധതികൾ നടപ്പിലാക്കും. 

മനോഹരമായ സ്ഥലങ്ങളും, കേരളത്തിന്റെ തനത് ഭക്ഷണവും സാംസ്‌കാരിക തനിമയും ഉൾപ്പെടുത്തിയുള്ള പാക്കേജുകളാണ് ആഭ്യന്തര സഞ്ചാരികൾക്കായി ടൂർ ഫെഡ് ഒരുക്കുന്നത്. താഴെത്തട്ടുമുലുള്ള ടൂറിസം സൊസൈറ്റികൾ ഇതിൽ പങ്കാളികളാവുന്നുണ്ട്. ആഭ്യന്തര പാക്കേജുകളും വിദേശ പാക്കേജുകളുമുൾപ്പെടെ ഏകദേശം 60 ടൂർപാക്കേജുകളാണ് ടൂർഫെഡിനിപ്പോൾ ഉള്ളത്.  ഉത്തരവാദിത്വ ടൂറിസം, വില്ലേജ് ടൂറിസം, ഫാം ടൂറിസം, കനാൽ ടൂറിസം, കായൽ ടൂറിസം, മൺസൂൺ ടൂറിസം, അഡ്വഞ്ചർ ടൂറിസം എന്നിവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള യാത്രപാക്കേജുകളാണ് ഏറെയും. 

ടൂർഫെഡിന്റെ ഉത്തരവാദിത്വയാത്ര പാക്കേജുകളായ ഒരു ദിന വിസ്മയ യാത്ര കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നേട്ടം കൊയ്ത വിനോദ സഞ്ചാര പാക്കേജാണ്.  അറേബ്യൻ സീ പായ്‌ക്കേജ് ഇതുവരെ ഒരു ലക്ഷം പേർ  ആസ്വദിച്ചു.കടൽ യാത്രകൂടാതെ  മൺറോതുരുത്ത് -ജടായുപ്പാറ, വർക്കല പൊന്നിൻ തുരുത്ത് -കാവേരി പാർക്ക്, അഗ്രികൾച്ചർ തീം പാർക്ക്, ഗവി, വാഗമൺ, കൃഷ്ണപുരം-കുമാരകോടി, അതിരപ്പള്ളി കൊടുങ്ങല്ലൂർ ചാവക്കാട്, അഷ്ടമുടി-സാംബാണികോടി ഹൗസ്‌ബോട്ട്, കുമരകം - പാതിരാമണൽ ഹൗസ്‌ബോട്ട്, ആലപ്പുഴ കുട്ടനാട് ചമ്പക്കുളം കായൽ ടൂറിസം പാക്കേജ്, പകലും രാത്രിയുമായി സംഘടിപ്പിക്കുന്ന മൂന്നാർ, ഇടുക്കി, വയനാട്, കണ്ണൂർ, ബേക്കൽ, ഗവി വാഗമൺ സ്‌പെഷ്യൽ പാക്കേജ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.  കേരളത്തിലെ വിവിധ പാക്കജുകൾ കൂടാതെ   ടൂർഫെഡ് ഭാരത് ദർശൻ പാക്കേജുകളായ ഡൽഹി ആഗ്ര-ജയ്പൂർ, ഷിംല- കുളു മണാലി, ശ്രീനഗർ, അമൃത്സർ, ഗോവ, ഹൈദരാബാദ്, ഒഡിഷ, ഗുജറാത്ത്, മുംബൈ-അജന്ത എല്ലോറ, കൊൽക്കത്ത ഡാർജിലിംഗ് ഗാങ്‌ടോക്ക്, ആൻഡമാൻ, ലക്ഷദ്വീപ് എന്നിവയും ടൂർഫെഡ് ഒരുക്കിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-23 11:40:29

ലേഖനം നമ്പർ: 916

sitelisthead