ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് 2020-21ലെ ദേശീയ സർവേ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോളേജുകളുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് 10-ാം സ്ഥാനം. ഉത്തർപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോളേജുകളുള്ളത്. പിറകിലായി മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, കേരളം എന്നിങ്ങനെയാണ് കണക്കുകൾ.
18-23 പ്രായപരിധിയിലുള്ള ഒരുലക്ഷം പേർക്ക് ഏറ്റവും കൂടുതൽ കോളേജുകളുള്ള സംസ്ഥാനങ്ങളിൽ കേരളം 3-ാം സ്ഥാനത്താണ്. ഒരു ലക്ഷത്തിന് 50 എണ്ണം എന്ന തോതിലാണ് കേരളത്തിൽ കോളേജുകൾ. ഒരു ലക്ഷത്തിന് 62 കോളേജുകളുമായി കർണാടക 1-ാം സ്ഥാനത്തും 53 കോളേജുകളുമായി തെലങ്കാന 2-ാം സ്ഥാനത്തുമാണ്. കോളേജുകളുടെ എണ്ണത്തിൽ 1-ാം സ്ഥാനത്തുള്ള യു.പി.യിൽ (8,114 കോളേജ്, പക്ഷേ ഒരു ലക്ഷം വിദ്യാർഥികൾക്ക് 32 കോളേജ് എന്നതാണ് കണക്ക്. 4,532 കോളേജുകളുള്ള മഹാരാഷ്ട്രയിൽ ലക്ഷത്തിന് 34 കോളേജുകളാണ് തോത്. കർണാടകയിൽ 4,233 കോളേജുകളാണുള്ളത്.
രാജ്യത്തെ 43,796 കോളേജുകളിൽ 8,903 സർക്കാർ കോളേജുകളും 5,658 സ്വകാര്യ എയ്ഡഡ് കോളേജുകളും 27,039 സ്വകാര്യ അൺ എയ്ഡഡ് കോളേജുകളുമാണ്. 2020-21ൽ രാജ്യത്ത് 70 സർവകലാശാലകളും 1,453 കോളേജുകളും പുതുതായി തുറന്നു. ഭൂരിഭാഗം കോളേജുകളും ബിരുദതല പ്രോഗ്രാമുകൾ മാത്രമാണ് നടത്തുന്നതെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2.9 ശതമാനം കോളേജുകളിൽ പിഎച്ച്ഡി പ്രോഗ്രാമും 55.2 ശതമാനം കോളേജുകളിൽ ബിരുദാനന്തര പ്രോഗ്രാമുകളും നടത്തുന്നുണ്ട്. രാജ്യത്തെ കോളേജ് അധ്യാപകരുടെ എണ്ണം 15,51,070 ആണ്. ഇതിൽ 42.9 ശതമാനം വനിതകളാണ്.
രാജ്യത്ത് M Phil (62.10%) ബിരുദാനന്തരബിരുദ ( 56.45%) കോഴ്‌സുകളിൽ സ്ത്രീകളാണ് കൂടുതൽ. പുരുഷ വിദ്യാർഥികളേക്കാൾ കൂടുതൽ സ്ത്രീ വിദ്യാർഥികളുള്ള സംസ്ഥാനം കേരളമാണ്.
രാജ്യത്ത് 11.28 ലക്ഷം വിദ്യാർഥികൾ പോളിടെക്‌നിക് കോഴ്സുകൾ പഠിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ളത് തമിഴ്നാട്ടിലാണ് (2.49 ലക്ഷം). കേരളത്തിൽ 0.53 ലക്ഷം വിദ്യാർഥികൾ.
ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റൂട്ടിൽ പണം നടത്തുന്ന വിദ്യാർഥികളിൽ കൂടുതൽ സ്ത്രീ വിദ്യാർഥികളുള്ള സംസ്ഥാനം തമിഴ്നാടാണ് (92%) തൊട്ടുപുറകിൽ കേരളമാണ് (80.2%).
വിദൂര വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനങ്ങളിൽ കേരളം 5-ാംസ്ഥാനത്താണ് (7.8%). മഹാരാഷ്ട്ര (17.7%) ആണ് 1-ാം സ്ഥാനത്ത്. സ്ത്രീ ടീച്ചർമാർ കൂടുതലുള്ള സംസ്ഥാനവും കേരളമാണ്.
കേരളത്തിലാകെ 23 സർവകലാശാലകളാണുള്ളത്. 92 സർവകലാശാലകളുള്ള രാജസ്ഥാനിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സർവകലാശാലകളുള്ളത്. ഉന്നത വിദ്യാഭ്യാസ ദേശീയ സർവേ 2020-21 പൂർണ റിപ്പോർട്ട് ഇവിടെ വായിക്കാം (https://aishe.gov.in/aishe/BlankDCF/AISHE%20Final%20Report%202020-21.pdf ).
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-31 15:34:23
ലേഖനം നമ്പർ: 930