ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ജീവിതശൈലീ കാമ്പയിനും സ്ക്രീനിങ്ങും ആരോഗ്യരംഗത്തെ മികച്ച മാതൃകയായി രാജ്യത്തെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയ ബെസ്റ്റ് പ്രാക്ടീസ്സ് അവലോകനം ചെയ്ത ദേശീയ സമ്മേളനം വിലയിരുത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗം നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികളായ ജീവിതശൈലീ രോഗ നിർണയ കാമ്പയിൻ, ഗുരുതര ശ്വാസകോശ രോഗങ്ങൾക്കായുള്ള ശ്വാസ് പദ്ധതി, നേത്രപടല അന്ധത കണ്ടെത്തുന്നതിനുള്ള റെറ്റിനോപ്പതി പദ്ധതി, സാന്ത്വന ചികിത്സാ പദ്ധതി, നവജാത ശിശുക്കളിലെ സ്‌ക്രീനിംഗ്, ഹബ് ആന്റ് സ്പോക്ക് മാതൃകയിലുള്ള ലാബ് സിസ്റ്റം, പോഷകാഹാരത്തിന്റെ കുറവ് കൊണ്ടും കൂടുതൽ കൊണ്ടും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, അവയുടെ പരിഹാരങ്ങൾ, അവ നേരിടുന്നതിന് സംസ്ഥാനം നയപരമായും അല്ലാതെയുമായി നടപ്പിലാക്കുന്ന പരിശോധനകൾ, പരിപാടികൾ എന്നിവയെല്ലാം പ്രത്യേക പരാമർശം നേടി.
ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ കേരളം മികച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 60 ലക്ഷത്തോളം ആളുകളെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ഇതിലൂടെ കാൻസർ രോഗ സാധ്യത കണ്ടെത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. കുട്ടികളുടെ ആരോഗ്യ സ്‌ക്രീനിംഗിനായി ശലഭം, ഹൃദ്യം പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി വഴി 5,200ലധികം പേർക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. കാൻസർ കെയർ, ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് സർവയലൻസ്, മെറ്റബോളിക് സ്‌ക്രീനിംഗ്, സാംക്രമിക രോഗ സ്ഥിരീകരണം, ക്ഷയരോഗ നിർണയം, ഔട്ട്ബ്രേക്ക് റസ്പോൺസ് ലാബ് സിസ്റ്റം എന്നിവയ്ക്ക് വേണ്ടി ജില്ലകളിൽ ഹബ് ആന്റ് സ്പോക്ക് മാതൃകയിലുള്ള ലാബ് സിസ്റ്റവും തയ്യാറാക്കി വരുന്നു
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-10 15:57:32
ലേഖനം നമ്പർ: 900