സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഇടം നേടി സഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളായ കുമരകവും ബേപ്പൂരും.രാജ്യത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുത്ത് പ്രോത്സാഹനം നൽകുന്ന യൂണിയൻ സർക്കാരിന്റെ പദ്ധതിയിൽ ഇടംപിടിച്ചതോടെ ഈ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിച്ചുചാട്ടമാവും ഉണ്ടാവുക. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദേശങ്ങൾ പരിഗണിച്ചാണ് ഈ സ്ഥലങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ആഭ്യന്തര വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് ടൂറിസ്റ്റ് സർക്യൂട്ടുകൾ വികസിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് സ്വദേശ് ദർശൻ പദ്ധതി.
വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങളാകും തെരഞ്ഞെടുത്ത ഡെസ്റ്റിനേഷനുകളിൽ ഒരുക്കുക. ബേപ്പൂരിലെ ഉരു ടൂറിസം, ജലാസാഹസിക ടൂറിസം, കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. കൂടുതൽ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന് പദ്ധതി സഹായകരമാകും. സംസ്ഥാനത്തെ പ്രധാന ഡെസ്റ്റിനേഷനുകളുടെ വികസനത്തിനുള്ള സാധ്യതകൾ സംസ്ഥാന ടൂറിസം വകുപ്പ് യൂണിയൻ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പദ്ധതികൾ സമബന്ധിതമായി നടപ്പാക്കാനുള്ള ഇടപെടലും സഹായവും ടൂറിസം വകുപ്പ് ഒരുക്കും.
തെരഞ്ഞെടുക്കുന്ന പ്രദേശങ്ങളിൽ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുക, വരുമാനം വർധിപ്പിക്കൽ, ഒരു പ്രദേശത്തിന്റെ മുഴുവനായുള്ള വികസനം, തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഉപജീവന മാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രാദേശിക കലകൾ, സംസ്കാരം, കര കൗശലം, പാചകം എന്നിവ പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് സ്വദേശ് ദർശൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇതുവരെ പദ്ധതിയില്‍ 19 സംസ്ഥാനങ്ങളിലെ 36 കേന്ദ്രങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. 76 പദ്ധതികള്‍ക്ക് അംഗീകാരംനല്‍കിയിട്ടുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-10 12:16:42
ലേഖനം നമ്പർ: 899