കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വൈവിധ്യങ്ങൾ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവർക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടം നേടി കേരളം. വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13-ാംസ്ഥാനത്താണ് കേരളം. ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. അനുഭവേദ്യ ടൂറിസവും കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും മികവുറ്റതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് രേഖപ്പെടുത്തി.
ബീച്ചുകൾ, കായൽ തടാകങ്ങൾ, പാചകരീതികൾ, സാംസ്കാരിക പാരമ്പര്യം എന്നിവയ്ക്ക് പേരുകേട്ട ദക്ഷിണേന്ത്യൻ സംസ്ഥാനമായി കേരളത്തെ വിശേഷിപ്പിച്ച റിപ്പോർട്ടിൽ കുമരകം, മറവൻതുരുത്ത് എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ച ഏക ടൂറിസം ഡെസ്റ്റിനേഷൻ കേരളമാണ് . ലണ്ടന്‍, പാം സ്പ്രിംഗ്സ്, ഗ്രീന്‍വില്ല, മോറിയോക്ക അടക്കമുളള സ്ഥലങ്ങളുടെ കൂട്ടത്തിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. ടൂറിസം രംഗത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിനുള്ള സംസ്ഥാന വിനോദ സഞ്ചാര മേഖലയുടെ പ്രവർത്തന മികവിന്റെ നേർസാക്ഷ്യമാണു ഈ അംഗീകാരം. പോയവർഷം ടൈം മാഗസിന്റെ ലോകത്തെ മികച്ച 50 ടൂറിസം ഡെസ്റ്റിനേഷനുകളുടെ പട്ടികയിലും കേരളം ഇടം നേടിയിരുന്നു.സംസ്ഥാനത്തേക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് ത്വരിതപ്പെടുതുന്നതിനും കേരളത്തിന്റെ വിനോദ സഞ്ചാര മേഖല അന്താരാഷ്ട്രശ്രദ്ധയാകർഷിക്കുന്നതിനും ഇത്തരം അംഗീകാരങ്ങൾ സഹായകമാവുന്നു. കൂടാതെ ഇത്തരം ലോകോത്തര പരാമർശങ്ങൾ വിനോദസഞ്ചാര മേഖലയെ വികസനത്തിന്റെ പാതയിലെത്തിക്കുന്നതിനും സഹായിക്കുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-19 11:47:18
ലേഖനം നമ്പർ: 907