സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപകൂടി അനുവദിച്ചു. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിക്ക് ഇതുവരെ 800 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം അനുവദിച്ചത്. പെട്ടെന്നുണ്ടാകുന്ന ഭാരിച്ച ചികിത്സാ ചെലവുകൾ സാധാരണ കുടുംബങ്ങളെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളി വിടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്കരിച്ചത്.
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് (SHA) പദ്ധതിയുടെ നടത്തിപ്പ് ചുമതല. 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭ്യമാണ്. ഒരു മണിക്കൂറില്‍ ശരാശരി 180 രോഗികള്‍ (1 മിനിറ്റില്‍ 3 രോഗികള്‍) പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നുണ്ട്. 1667 ചികിത്സ പാക്കേജുകൾ ആണ് നിലവിൽ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ പ്രായപരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ അര്‍ഹതയോ ഈ പദ്ധതിക്കു മാനദണ്ഡമല്ല. പദ്ധതിയില്‍ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭിക്കും.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സംയോജിത പദ്ധതിയായ ആര്‍.എസ്.ബി.വൈ, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, കേരള സര്‍ക്കാര്‍ പദ്ധതിയായ ചിസ്, ആര്‍.എസ്.ബി.വൈ/ചിസ് കുടുംബങ്ങളിലെ 60 വയസിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ എസ്.ചിസ്, ലോട്ടറി വകുപ്പ് വഴി നടപ്പാക്കിയ ട്രസ്റ്റ് മോഡല്‍ പദ്ധതിയായ കരുണ്യ ബെനവലന്റ് ഫണ്ട് അഥവാ കെ.ബി.എഫ്, ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (പി.എം.ജെ.വൈ) എന്നിവ കാസ്പ് പദ്ധതിയുമായി സംയോജിപ്പിച്ചിട്ടുണ്ട്.
ചികിത്സക്ക് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മൂന്ന് ദിവസം മുന്‍പുള്ള ചികിത്സ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം) ഈ പദ്ധതിയിലൂടെ നല്‍കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും.
നിലവില്‍ കാസ്പ് എംപാനല്‍ ചെയ്ത ആശുപത്രികളിലെ കിയോസ്‌കുകളില്‍ നിന്ന് സ്‌കീമില്‍ അംഗമാകാം. സ്‌കീമില്‍ അംഗമായ വ്യക്തിയുടെ കാസ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവ ഉപയോഗിച്ച് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും സ്‌കീമില്‍ ചേരാനാകും. സേവനം നല്‍കുന്ന സ്വകാര്യ ആശുപത്രികളുടെ വിവരം www.sha.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കാരുണ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ദിശയുടെ 1056/104 എന്ന നമ്പരിലോ 0471 2551056 എന്ന നമ്പരിലോ ബന്ധപ്പെടാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-19 13:58:21
ലേഖനം നമ്പർ: 906