ചരിത്ര സ്‌മൃതികളിലേക്ക് ഏവരെയും പുനരാനയിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ‘ഫ്രീഡം വാൾ’ പദ്ധതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഫ്രീഡം വാൾ പരിപാടിയിൽ തിരുവനന്തപുരം സംസ്‌കൃത കോളേജിൽ ഇരുപതിനായിരം ചതുരശ്ര അടിയിൽ ഒരുക്കിയ ചുമർചിത്രമാണ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. അറിവ് അഗ്നിയാണെന്ന് തലമുറകളെ ഓർമിപ്പിച്ച് പഞ്ചമിയെന്ന ദളിത് പെൺകുട്ടിയെ ചേർത്തുപിടിച്ചു നവോത്ഥാന നായകൻ അയ്യങ്കാളി നിൽക്കുന്ന ചിത്രമടക്കമുള്ള ശേഖരം സ്വാതന്ത്ര്യമഹോത്സവവുമായി ബന്ധപ്പെട്ട് രാജ്യത്തൊരുക്കിയ ഏറ്റവും ബൃഹത്തായ ചുമർചിത്രശേഖരമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കോളീജിയറ്റ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായാണു പദ്ധതിക്ക് നേതൃത്വം നൽകിയത്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു പുരസ്‌കാരം ലഭിക്കുന്നത്.
സ്വാതന്ത്ര്യസമരചരിത്രവും തദ്ദേശീയ സാംസ്‌കാരികപൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങൾ കലാലയങ്ങളിൽ ആലേഖനം ചെയ്യുന്നതിനുള്ള ബൃഹത്തായ പദ്ധതിയായിരുന്നു ‘ഫ്രീഡം വാൾ’. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ കലാലയങ്ങളുടെ പ്രധാന കവാടം, മറ്റു പ്രധാന കെട്ടിടങ്ങൾ തുടങ്ങിയവയുടെയെല്ലാം ഭിത്തികളിൽ ക്യാംപസുകളിലെ പുതുതലമുറ ചിത്രകാരന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നതായിരുന്നു പദ്ധതി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-17 13:43:06
ലേഖനം നമ്പർ: 904