ആരോഗ്യ ടൂറിസം മേഖലയിൽ ഇന്ത്യയിലെ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഇന്ത്യ ടുഡേ നൽകുന്ന അവാർഡ് കേരളത്തിന്. പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവർത്തനങ്ങളാണ് ആരോഗ്യമേഖലയിൽ കേരളത്തെ അവാർഡിനർഹമാക്കിയത്. കോവിഡാനന്തര ടൂറിസത്തിൽ കേരളം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് ടൂറിസം മേഖലയിലെ അവാർഡിനർഹമാക്കിയത്. 

ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം തുക ചെലവഴിച്ച് ആരോഗ്യ പരിരക്ഷാ ശൃംഖല സൃഷ്ടിച്ച് ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വലിയ സംസ്ഥാനമായി കേരളം ഉയർന്നു. ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനുള്ള ചെലവുകൾ കൂടാതെ, കുറഞ്ഞ ശിശുമരണ നിരക്ക് (IMR), കുറഞ്ഞ മാതൃമരണ നിരക്ക് (MMR), ഒരു ലക്ഷം പേർക്ക് എന്ന കണക്കിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാരും സർക്കാർ ആശുപത്രികളും, ശരാശരി രോഗികൾ, സേവനമനുഷ്ഠിക്കുന്നവരുടെ എണ്ണം, ഓരോ സർക്കാർ ആശുപത്രിയിലേയും കിടക്കകൾ, ആയുർദൈർഘ്യം എന്നിങ്ങനെയുള്ള വിവിധ പാരാമീറ്ററുകൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെ വിലയിരുത്തിയത്. 183.8 സ്‌കോർ നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃ, ശിശു മരണ നിരക്ക് കേരളത്തിലാണ്. വൈദ്യസഹായം കൂടാതെയുള്ള കേരളത്തിലെ പ്രസവം തീരെ കുറവാണ്. ഇത് ദേശീയ ശരാശരിയായ 7.8 ആകുമ്പോൾ കേരളത്തിൽ 0.1 മാത്രമാണ്. കോവിഡ്-19 മഹാമാരിയേയും കേരളം ഫലപ്രദമായി പ്രതിരോധിച്ചു.

ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്‌ച‌വച്ച സംസ്ഥാനത്തിനുള്ള അവാർഡ് 90.5 പോയിൻറുമായി കേരളം സ്വന്തമാക്കി. കോവിഡാനന്തര ടൂറിസത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ‌ക്കാണ് അവാർഡ്. ലിറ്റററി സർക്യൂട്ട്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട്, കാരവൻ ടൂറിസം തുടങ്ങി നിരവധി പദ്ധതികളാണ് ടൂറിസം മേഖലയിൽ കേരളം ആരംഭിച്ചട്ടുള്ളത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-12-19 17:12:11

ലേഖനം നമ്പർ: 881

sitelisthead