കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ 2022 ലെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ പുരസ്കാര നിറവിൽ കേരളം. 3 പുരസ്‌കാരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി കേരളം നേടിയത്. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ല ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് ലഭിച്ചത്. ഡിജിറ്റൽ സാധ്യതകളിലൂടെ ഭരണമികവിനും സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കാനുള്ള സർക്കാരിന്റെ പ്രയത്‌നങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരങ്ങൾ.
ഡിജിറ്റൽ ഇന്ത്യ അവാർഡ്സിൽ ഡിജിറ്റൽ ഇനിഷ്യേറ്റീവ്സ് അറ്റ് ഗ്രാസ്റൂട്ട് ലെവൽ വിഭാഗത്തിലാണ് ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടലിന് അവാർഡ് ലഭിച്ചത്. വെബ്‌സൈറ്റുകൾക്കായി കേന്ദ്ര സർക്കാർ നിർദേശിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച വെബ്‌സൈറ്റ്, മൊബൈൽ സംരംഭക വിഭാഗത്തിലാണ് കോട്ടയം ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റ് പുരസ്കാരം നേടിയത്. ഡിജിറ്റൽ ഗവേണൻസ് മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവനങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണത്തിനും ഡിജിറ്റൽ ഇന്ത്യ ദർശനം നിറവേറ്റുന്നതിനുമായി ‘സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾ’ എന്ന വിഭാഗത്തിലാണ് കേരള നോളജ് ഇക്കണോമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം പോർട്ടലിന് പ്ലാറ്റിനം അവാർഡ് ലഭിച്ചത്.
വിജ്ഞാന സമൂഹമായുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് ഇ ഗവേണൻസ് പ്രവർത്തനങ്ങൾ ആക്കം കൂട്ടുന്നു. വിവരങ്ങൾ തത്സമയം ജനങ്ങളിലേക്കെത്തുന്നത് വഴി ഭരണകാര്യങ്ങളിൽ സുതാര്യതയും ഓരോ ഘട്ടത്തിലും ജനങ്ങൾ ഭരണക്രമത്തിൽ പങ്കാളികളാവുകയും ചെയ്യുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് സുതാര്യത വരുത്താൻ ഓൺലൈൻ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. ഇവ ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നത് ഇത്തരം രംഗങ്ങളിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായകരമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-06 16:45:34
ലേഖനം നമ്പർ: 894