ഖര/ദ്രവ്യ മാലിന്യ സംസ്കരണത്തിൽ വലിയ മുന്നേറ്റം സൃഷ്ടിച്ച് മാലിന്യ പ്രശ്‌നം പരിഹരിക്കാൻ കേരളം ശാസ്ത്രീയമായ നിരവധി സംവിധാനങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നത്. സോളിഡ് വേസ്റ്റ് മാനേജ്മെൻറ് നിയമം 2016 ലെ ചട്ടങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കി ശുചിത്വ മേഖലയിൽ കേരളം നടത്തുന്ന ഇടപെടലുകൾക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ക്ളീൻചിറ്റ് ലഭിച്ചു. ഖര-ദ്രവ മാലിന്യ പ്രശ്‌നം പരിഹരിക്കാൻ കേരളം നടത്തുന്ന പ്രവർത്തനങ്ങളും മാലിന്യ കൂമ്പാരങ്ങൾ നശിപ്പിക്കാൻ 15.15 കോടി രൂപ വകയിരുത്തിയ കേരളത്തിന്റെ ഇടപെടലുകളും ട്രിബ്യൂണൽ പരാമർശിക്കുന്നുണ്ട്.
ദ്രവമാലിന്യം കൈകാര്യം ചെയ്യാൻ കേരളം 2343.18 കോടിയുടെ പദ്ധതികൾ ഇതിനകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഉത്പ്പാദിപ്പിക്കപ്പെടുന്ന മാലിന്യം കൃത്യമായി സംസ്കരിച്ച് മാലിന്യങ്ങൾ നദികളിലും പൊതുസ്ഥലങ്ങളിലും കുമിഞ്ഞ് കൂടി കിടക്കുന്ന അവസ്ഥ കേരളത്തിൽ വിരളമാണെന്നു ട്രിബ്യൂണൽ വിലയിരുത്തി. ഖര/ദ്രവ്യ മാലിന്യ സംസ്കരണത്തിനായി നഗരങ്ങളിൽ 1696.61 കോടി രൂപയും, ഗ്രാമങ്ങളിൽ 646.57 കോടിയും ഗ്യാപ് ഫണ്ടായി 84.628 കോടിയുമടക്കം 2343.18 കോടി നീക്കി വെച്ചിട്ടുണ്ട്. പഴക്കം ചെന്ന മാലിന്യങ്ങൾ ദീർഘകാലമായി സംസ്കരിക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്ന ലാലൂർ, ബ്രഹ്മപുരം, കുരീപുഴ എന്നീ സ്ഥലങ്ങളിൽ മാലിന്യ സംസ്കരണത്തിന് കേരളം കൈകൊണ്ട നടപടികളിൽ ട്രിബ്യൂണൽ സന്തുഷ്ടി രേഖപ്പെടുത്തി.
2026-ഓടെ സമ്പൂർണ ശുചിത്വ കേരളം സാധ്യമാക്കാനുള്ള സജീവ ഇടപെടലാണ് കേരളത്തിൽ നടത്തുന്നത്. ഖര-ദ്രവ-കെട്ടിട മാലിന്യങ്ങളുൾപ്പെടെ കൈകാര്യം ചെയ്യുന്ന പുത്തൻ മാതൃകകൾ സംസ്ഥാനത്ത് സൃഷ്ടിക്കും. ജനങ്ങളെ ബോധവത്കരിച്ച്, ജനകീയമായിത്തന്നെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാണ് ശ്രമം. മാലിന്യ സംസ്കരണ പദ്ധതികൾ എല്ലാ നഗരസഭകളിലും യാഥാർഥ്യമാക്കാനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. നഗരസഭകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരാണ് മാലിന്യ-ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് ഏകോപനം യാഥാർഥ്യമായതോടെ എല്ലാ നഗരസഭകളിലും ക്ലീൻ സിറ്റി മാനേജർമാരും നിയമിക്കപ്പെടുകയാണ്. ഇതിന് പുറമേ കോർപറേഷനുകളിൽ എൻവയോൺമെൻറൽ എഞ്ചിനീയർമാരും നിയമിക്കപ്പെടും. ഇവർക്കൊപ്പം യുവ പ്രൊഫഷണലുകൾ കൂടി എത്തുന്നതോടെ, ശുചിത്വ-മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് പുത്തൻ കുതിപ്പ് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴി വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ നശിപ്പിച്ച ശേഷം പ്രോട്ടീൻ പൗഡർ അടക്കമുള്ള മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച ശേഷം പ്ലാസ്റ്റിക്ക് റീസൈക്കിൾ യൂണിറ്റിലെത്തിച്ച് നശിപ്പിക്കുന്നുണ്ട്. നശിപ്പിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ റോഡ് നിർമ്മാണത്തിനും, ഫാക്ടറികളിലെ ഫർണസ് കത്തിക്കാനുള്ള ഊർജ്ജമായി ഉപയോഗിച്ച് വരുന്നു. വീടുകളിൽ നിന്നും ഹരിത കർമ സേനാംഗങ്ങൾ മാലിന്യം ശേഖരിക്കുന്നതും ശേഖരിച്ച മാലിന്യങ്ങൾ കൃത്യമായ അളവിൽ പ്ലാൻറുകളിൽ എത്തിച്ച് സംസ്കരിക്കുന്നതിനും കേരളം വലിയ പുരോഗതി കൈവരിച്ചു. റീസൈക്കിൾ ചെയ്യാൻ കഴിയാത്ത മാലിന്യങ്ങൾ സിമന്റ് പ്ലാൻ്റുകളിൽ എത്തിച്ച് മീൻ വളമാക്കി മാറ്റുന്നതിലൂടെ പുനരുപയോഗ രംഗത്ത് കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ നേട്ടം കൈവരിച്ചു . ക്ലീൻ കേരള കമ്പനി രൂപീകരിച്ച മാലിന്യ സംസ്കരണ രംഗത്ത് കേരളം ഇതിനോടകം വലിയ ഇടപെടലുകൾ നടത്തി. നാൽപതോളം റെൻഡറിംഗ് പ്ലാന്റുകൾ ഇതിനോടകം കേരളത്തിൽ സ്ഥാപിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-12-03 15:43:14
ലേഖനം നമ്പർ: 862