- എട്ട് മാസത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ
- 6282 കോടി രൂപയുടെ നിക്ഷേപം
- 2,20,500 പേർക്ക് തൊഴിൽ
- 25000 വനിതാ സംരംഭകർ
- 10 ട്രാൻസ്‌ജെൻഡർ സംരംഭങ്ങൾ
കേരളം ഇനി നിക്ഷേപകരുടെ സ്വന്തം നാട് . സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതിക്ക് ചരിത്രനേട്ടം. സംസ്ഥാനത്ത് ഒരു വർഷത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സംരംഭകത്വ വികസന പദ്ധതി എട്ട് മാസക്കാലയളവിനുള്ളിൽ 1,01,353 സംരംഭങ്ങൾ ആരംഭിച്ച് ലക്‌ഷ്യം പൂർത്തീകരിച്ചു. പദ്ധതിയിലൂടെ കേരളത്തിലേക്ക് 6282 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 2,20,500 പേർക്ക് ഒരു ലക്ഷം സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു. കേരളവ്യവസായ രംഗം സംരംഭക വികസനത്തിൽ കൈവരിച്ച പ്രധാന നാഴികക്കല്ലാണിത്.
2022 ഏപ്രിൽ 1നാണ് പദ്ധതി ആരംഭിച്ചത്. മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും തൊഴിലാളി സംഘടനകളുമായും ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇൻഡസ്ട്രീസ്, സ്മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ തുടങ്ങിയ സംരംഭക സംഘടനകളുമായും യോഗങ്ങൾ,തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഹെൽപ്പ് ഡെസ്‌കുകൾ , സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് പദ്ധതിയെക്കുറിച്ച് വിവരങ്ങളെത്തിക്കാൻ ശിൽപശാലകൾ തുടങ്ങിയ ബഹുമുഖ പ്രവർത്തങ്ങളാണ് പദ്ധതി പുരോഗതിക്കു വേണ്ടി വ്യവസായ വകുപ്പ് നടത്തിയത്.
സംരംഭക വർഷം പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി - ഭക്ഷ്യ സംസ്‌കരണ മേഖലയിലാണ്. 17958 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58038 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു.ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 11672 സംരംഭങ്ങളും 500 കോടിയിലധികം രൂപയുടെ നിക്ഷേപവും 23874 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് മേഖലയിൽ 4352 സംരംഭങ്ങളും 260 കോടി രൂപയുടെ നിക്ഷേപവും 8078 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
സർവ്വീസ് മേഖലയിൽ 7810 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 465 കോടി രൂപയുടെ നിക്ഷേപവും 17707 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിൽ 31676 സംരംഭങ്ങളും 1817 കോടിയുടെ നിക്ഷേപവും 58038 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിന് പുറമെ ബയോ ടെക്നോളജി, കെമിക്കൽ മേഖല തുടങ്ങി ഇതര മേഖലകളിലായി 26,679 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്. വനിതാ സംരംഭകർ നേതൃത്വം നൽകുന്ന 25,000ത്തിലധികം സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചുവെന്നതും നേട്ടമാണ്. കൂടാതെ ട്രാൻസ്ജൻഡർ വിഭാഗത്തിലുൾപ്പെടുന്ന 10 പേർ വിവിധ സംരംഭങ്ങൾ പദ്ധതി വഴി ആരംഭിച്ചിട്ടുണ്ട്.
ഈ കാലയളവിനുള്ളിൽ മലപ്പുറം, എറണാകുളം ജില്ലകളിൽ പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ ഒൻപതിനായിരത്തിലധികവും കോഴിക്കോട്, പാലക്കാട് ജില്ലകളിൽ എട്ടായിരത്തിലധികവും കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ഏഴായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഇരുപതിനായിരത്തിലധികമാളുകൾക്കും ആലപ്പുഴ, കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെല്ലാം തന്നെ പതിനയ്യായിരത്തിലധികം ആളുകൾക്കും തൊഴിൽ നൽകാൻ സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചു. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ പതിനെട്ടായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. വ്യാവസായിക സാഹചര്യം മാനദണ്ഡമാക്കി ഓരോ ജില്ലയിലും തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിക്കേണ്ട സംരംഭങ്ങളുടെ ടാർഗറ്റ് നൽകിയിരുന്നു. ഇങ്ങനെ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് വയനാട് ജില്ലയാണ്. കേരളത്തിലെ 70 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇങ്ങനെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ലക്ഷ്യത്തിന്റെ 100 ശതമാനം കൈവരിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൗഹൃദ സമീപനം കൂടുതൽ നിക്ഷേപകർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ പ്രചോദനമായി .കൂടുതൽ പേർക്ക് സംരംഭകത്വത്തിലേക്ക് കടന്നുവരാൻ വഴിയൊരുക്കുന്നതിന് ബാങ്ക് വായ്പാ നടപടികൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടതിവരുന്നു സംരംഭങ്ങൾ ആരംഭിച്ചവർക്ക് ഏത് തരം സഹായം ലഭ്യമാക്കാനും എം.എസ്.എം.ഇ ക്ലിനിക്കുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് . ഉത്പന്നങ്ങളുടെ മാർക്കറ്റിങ് മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണയും ഉത്പന്നങ്ങൾക്ക് കേരള ബ്രാൻഡിങ് നൽകുന്നതിനും വഴിയൊരുക്കും. കൂടാതെ ഓൺലൈൻ വിപണനത്തിനുള്ള സാധ്യതകളും സംരംഭകരിൽ എത്തിക്കും.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാകുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ വലിയതോതിൽ സൃഷ്ടിക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് https://yearofenterprises.kerala.gov.in/public/index.php/new_public, https://industry.kerala.gov.in/index.php/year-of-enterprises
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-20 11:05:11
ലേഖനം നമ്പർ: 869