കേരളത്തിന്റെ തൊഴിലാളി സൗഹൃദ പ്രവർത്തന മികവിന് ദേശീയ അംഗീകാരം. ദേശീയ തലത്തിൽ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം നല്കുന്ന സംസ്ഥാനം കേരളമാണെന്ന് റിസർബാങ്ക് റിപ്പോർട്ട് .ബാങ്ക് പുറത്തിറക്കിയ വാർഷിക ഹാൻഡ്‌ബുക്കിലാണ് ഈ നേട്ടം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ ശരാശരി ദിവസ വേതനം 837.30 രൂപയാണ്. 2021 സാമ്പത്തിക വർഷത്തിലും ശരാശരി വേതനം 677.60 രൂപ നിരക്കിൽ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലായിരുന്നു. ഒരു വർഷം കൊണ്ട് സംസ്ഥാനത്തു ദിവസ വേതനം 159 .70 രൂപ വർധിച്ചു. നിർമ്മാണമേഖലയിൽ ഏറ്റവും കുറവ് കൂലിയുള്ള ത്രിപുര,മധ്യപ്രദേശ് സംസ്ഥാനങ്ങളെക്കാൾ മൂന്നിരട്ടിയിൽ അധികം വേതനമാണ് കേരളം നിർമ്മാണ തൊഴിലാളികൾക്ക് നൽകുന്നത്.
കഴിഞ്ഞ എട്ട് വർഷത്തെ വേതന വർദ്ധനവ് പരിശോധിച്ചാൽ ഓരോ വർഷം വേതനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി കാണാം.2014 - 2015 സാമ്പത്തിക വർഷത്തിൽ 609 .70 രൂപയായിരുന്ന വേതനം 228 .3 രൂപ വർധിച്ചതാണ് നിലവിലെ നിരക്കിൽ എത്തിയത്. കേരളത്തിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളിക്ക് ശരാശരി പ്രതിദിനം 837.30 രൂപ ലഭിക്കുമ്പോൾ ത്രിപുരയിൽ അത് 250 രൂപയും മധ്യപ്രദേശിൽ 267 രൂപയും ഗുജറാത്തിൽ 296 രൂപയും മഹാരാഷ്ട്രയിൽ 362 രൂപയും ആണ് എന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജമ്മു കാശ്മീർ -519 രൂപ, തമിഴ്നാട് -478 രൂപ , ഹിമാചൽ പ്രദേശ് -462 രൂപ, ഹരിയാന -420 , ആന്ധ്രപ്രദേശ് -409 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ. കാർഷിക മേഖലയിലും മറ്റു മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മേഖലകളിലും കേരളം തന്നെയാണ് പ്രഥമശ്രേണിയിൽ. ദേശീയ ശരാശരിയെക്കാൾ ഏറെ മുകളിലാണ് ദിവസം വേതന കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം. 59 തൊഴിൽ മേഖലകളിൽ മിനിമം കൂലി നടപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-26 12:09:23
ലേഖനം നമ്പർ: 845