സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും 2022-23 സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭക വർഷം പദ്ധതി, പ്രഖ്യാപിച്ച് 7 മാസത്തിനുള്ളിൽ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരു വർഷം കൊണ്ട് ആരംഭിക്കേണ്ട ടാർഗറ്റ് കൈവരിച്ചു. പട്ടാഴി വടക്കേക്കര, വൈത്തിരി, അഞ്ചൽ, തിരുവാണിയൂർ, വെള്ളമുണ്ട, വേങ്ങാട്, നരിക്കുനി എന്നീ പഞ്ചായത്തുകളും വൈക്കം, പാല, കരുനാഗപ്പള്ളി, ഗുരുവായൂർ, കൽപ്പറ്റ മുനിസിപ്പാലിറ്റികളുമാണ് നേട്ടം കൈവരിച്ചത്. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലും റാന്നി പഴവങ്ങാടി പഞ്ചായത്തിലും 95 ശതമാനത്തിലധികം സംരംഭങ്ങളും ആരംഭിച്ചു.
സംരംഭങ്ങൾ തുടങ്ങാൻ സംരഭകർക്ക് പ്രേരണ നൽകുവാനും സംരംഭങ്ങൾക്ക് കൈത്താങ്ങ് നൽകാനും വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനം കേന്ദ്രീകരിച്ച് 1153 ഇന്റെർണുകളെ വ്യവസായവകുപ്പ് നിയമിച്ചിട്ടുണ്ട്. ഒരാൾ വീതം ഓരോ പഞ്ചായത്തിലും , മുനിസിപ്പാലിറ്റി / കോർപ്പറേഷനിലെ ഓരോ 20 വാർഡുകളിലും ഒരാൾ എന്ന രീതിയിലാണ് നിയമനം. സംരംഭകരുടെ വിവരശേഖരണം, സംരംഭകർക്കാവശ്യമായ ഓൺലൈൻ സേവനങ്ങളായ ലൈസൻസ്, സബ്‌സിഡി, ലോൺ മുതലായവയ്ക്കുള്ള അപേക്ഷകൾ തയ്യാറാക്കി നൽകൽ, സംരംഭകർക്കുള്ള മറ്റു കൈത്താങ്ങ് സഹായങ്ങൾ എന്നിവ ഇന്റേൺ വഴിയാണ് നൽകുന്നത്. 5000 കോടിയിലധികം രൂപയുടെ നിക്ഷേപവും 182000 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിച്ചുകൊണ്ട് നാടേറ്റെടുത്ത പദ്ധതിയായി സംരംഭക വർഷം മാറുന്നതിൽ ഇന്റേൺ സംവിധാനം വലിയ പങ്ക് വഹിക്കുന്നു.
സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുബോധവത്കരണ പരിപാടികൾ, മേളകൾ, ശില്പശാലകൾ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഭരണ സമിതി അംഗങ്ങൾ, കുടുംബശ്രീ, SC/ST പ്രൊമോട്ടർമാർ, നിർവഹണ ഉദ്യോഗസ്ഥർ മുതലായവർ മുഖേന നടപ്പിലാക്കിവരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-23 13:17:13
ലേഖനം നമ്പർ: 840