ടൂറിസ്റ്റുകൾക്കായി വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതായി കണക്കുകൾ. കേരളത്തിലേക്കെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതൽ സെപ്റ്റംബർ വരെ 1,33,80,000 ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 196 % വർധന. കോവിഡിനു മുൻപത്തെ ഏറ്റവും ഉയർന്ന കണക്കെടുത്താൽ, വളർച്ച 1.49 % .
ജില്ലാടിസ്ഥാനത്തിൽ എറണാകുളത്താണ് ഈ വർഷം കൂടുതൽ സഞ്ചാരികൾ എത്തിയത്, 28,93,961 പേർ. തിരുവനന്തപുരം (21,46,969), ഇടുക്കി (17,85,276), തൃശൂർ (15,07511), വയനാട് (10,93,175) ജില്ലകളാണ് തൊട്ടു പിറകെ. ഇടുക്കി (47.55 %), വയനാട് (34.57%), പത്തനംതിട്ട (47.69%) ജില്ലകളാണ് ശ്രദ്ധേയ മുന്നേറ്റം സാധ്യമാക്കിയത്. തമിഴ്‌നാട് (11,60,336), കർണാടക (7,67,262), മഹാരാഷ്ട്ര (3,82,957), ആന്ധ്രാപ്രദേശ് (1,95,594), ഡൽഹി (1,40,471) എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ സഞ്ചാരികൾ കേരളത്തിലെത്തിയത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞവർഷത്തെക്കാൾ 600% വളർച്ചയുണ്ട്. ഹോട്ടലുകളിൽനിന്നും റിസോർട്ടുകളിൽനിന്നുമുള്ള ‘റിയൽ ടൈം ഡേറ്റ’ ഉപയോഗപ്പെടുത്തിയാണു വിനോദ സഞ്ചാരികളുടെ കണക്കെടുത്തത്. കേരളത്തിൽ നിശ്ചിതസമയം ചെലവിടുകയും നിശ്ചിത ദൂരത്തിനപ്പുറം സഞ്ചരിക്കുകയും ചെയ്താൽ അതു വിനോദസഞ്ചാര പ്രവർത്തനമായി കണക്കാക്കാം എന്ന മാനദണ്ഡപ്രകാരമാണ് കണക്ക്.
കൂടുതൽ സഞ്ചാരികൾ എത്തുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അവിടത്തെ പ്രാദേശിക ഭാഷകളിൽ കേരള ടൂറിസത്തെക്കുറിച്ച് പ്രചരണം നടത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കൽ, കേരളത്തിലെ ഒരു ജില്ലയിൽ നിന്നും മറ്റു ജില്ലയിലേക്കുള്ള സഞ്ചാരികളുടെ യാത്ര, ഒരു ജില്ലയിലെ തന്നെ തന്നെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനിടയാക്കി.
കാരവൻ ടൂറിസം, വാട്ടർ സ്ട്രീറ്റ് പദ്ധതി, സ്ട്രീറ്റ് പദ്ധതി, എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളും പ്രവർത്തനങ്ങളുമാണ് ടൂറിസം വകുപ്പ് വിനോദസഞ്ചാരികൾക്കായി നടപ്പിലാക്കി വരുന്നത്. ഈ പ്രവർത്തനങ്ങളെല്ലാം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-26 15:09:14
ലേഖനം നമ്പർ: 848