കഴിഞ്ഞ 6 വർഷത്തിനിടയിൽ സമാനതകളിലില്ലാത്ത നേട്ടങ്ങൾ കൈവരിച്ച് കേരള ഐ. ടി. മേഖല. കേരളത്തിലെ ഐ. ടി. പാർക്കുകൾ വഴിയുള്ള കയറ്റുമതി 2016-ൽ 9,753 കോടി രൂപയായിരുന്നത് 2022-ൽ 17,536 കോടി രൂപയായി വർധിച്ചു. 640 കമ്പനികളായിരുന്നത് 1106 ആയി വർധിച്ചു. ഐടി തൊഴിലാളികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർധനവാണുണ്ടായത്. 2016-ൽ 78,068 പ്രൊഫഷനലുകളായിരുന്നത് 1,35,288 ആയി വർധിച്ചു. സർക്കാരിന്റെ നൂതന സംരംഭങ്ങൾക്കൊപ്പം പ്രതിബദ്ധതയുള്ളതും കഴിവുള്ളതുമായ മാനവ വിഭവശേഷിയിലൂടെയാണ് ഇത് കൈവരിക്കാനായത്. മികച്ച ജീവിതനിലവാരം, സ്ഥാപിതമായ സർക്കാർ നയങ്ങൾ, കുറഞ്ഞ പ്രവർത്തനച്ചെലവ് എന്നിവ നിക്ഷേപകരെ ഏറ്റവും ഇഷ്ടപ്പെടുന്ന ഐ. ടി. ഹബുകളിലൊന്നാക്കി കേരളത്തെ മാറ്റി.
സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വിവരസാങ്കേതികവിദ്യയുടെ തന്ത്രപ്രധാന പ്രാധാന്യം സർക്കാർ തിരിച്ചറിഞ്ഞ് സംസ്ഥാനത്തെ ഒരു ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങൾ ഈ മേഖലയിൽ ഒരുക്കുന്നതിനുമായി നിരവധി നടപടികളാണ് കേരളം സ്വീകരിച്ചട്ടുള്ളത്. വിവരവിനിമയസാങ്കേതികവിദ്യ പദ്ധതികൾ, ഇ-ഗവേണൻസ് സംരംഭങ്ങള്‍, ഇ-സാക്ഷരത പദ്ധതികള്‍, പുതിയ വ്യവസായ സംരംഭങ്ങൾക്കുള്ള ലളിതമായ നടപടിക്രമങ്ങൾ തുടങ്ങിയവ ഐ. ടി. മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും കൂടുതൽ നിക്ഷേപങ്ങൾ ഈ മേഖലയിൽ കൊണ്ടുവരുന്നതിനും കേരളത്തെ സഹായിച്ചിട്ടുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-08 17:19:58
ലേഖനം നമ്പർ: 826